Friday, January 9, 2026

” ഇസ്ലാമിൽ വിശ്വസിക്കുന്നില്ല….മുസ്ലീം യുവാവിനെ ഒരിക്കലും താൻ വിവാഹം കഴിക്കില്ല, ഇപ്പോൾ ഭഗവത് ഗീത പഠിക്കുന്നു”; തുറന്നടിച്ച് ബിഗ് ബോസ് താരം

ദില്ലി: തനിക്ക് ഇസ്ലാമിൽ വിശ്വാസം നഷ്ടപ്പെട്ടതായി ബിഗ് ബോസ് താരം ഉർഫി ജാവേദ് (Urfi Javed). മുസ്ലിം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ താൻ ഒരിക്കലും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്നും നിലവിൽ ഭഗവത് ഗീത പഠിക്കുകയാണെന്നും താരം വ്യക്തമാക്കി.

അതേസമയം ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചതിനാൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ഉർഫി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ താൻ ആക്രമിക്കപ്പെടുകയാണ്. ഇതിന് പിന്നിൽ മുസ്ലീം നാമധാരികളാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ട്രോളുകളിലൂടെ തന്നെ പരാജയപ്പെടുത്താനാകുമെന്ന് കരുതരുതെന്നും താരം ഓർമ്മിപ്പിച്ചു.

ഉർഫി ജാവേദിന്റെ വാക്കുകൾ ഇങ്ങനെ:

“ഞാൻ ഇസ്ലാമിനെ അപമാനിക്കുകയാണ് എന്നാണ് അവർ പറയുന്നത്. സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറണം എന്ന് വാശി പിടിക്കുന്നവരാണ് മുസ്ലീം പുരുഷന്മാർ. സമുദായത്തിലെ എല്ലാ സ്ത്രീകളെയും ചൊൽപ്പടിക്ക് നിർത്താൻ അവർ ആഗ്രഹിക്കുന്നു. ഇത് കൊണ്ടാണ് ഞാൻ ഇസ്ലാമിൽ വിശ്വസിക്കാത്തത്. എന്നെ അവർ ആക്രമിക്കുന്നതിന് കാരണം ഞാൻ അവരെ വകവയ്ക്കാത്തത് കൊണ്ടാണ്” എന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നടിച്ചു.

എന്നാൽ താനിപ്പോൾ കൂടുതൽ ഹിന്ദു മതത്തെക്കുറിച്ച് അറിയാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ഞാൻ ഇപ്പോൾ ഭഗവത് ഗീത പഠിക്കുകയാണ്. ഞാൻ അതിന്റെ പ്രായോഗികമായ ഭാഗത്തിൽ താത്പര്യപ്പെടുന്നു. താൻ തീവ്രവാദത്തെ വെറുക്കുന്നുവെന്നും ഭഗവത് ഗീതയുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു. മതം നിർബന്ധിതമാകരുത്, ഏത് മതമാണ് പിന്തുടരേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും ഉർഫി പറയുന്നു .

എന്റെ അച്ഛൻ വളരെ യാഥാസ്ഥിതികനായിരുന്നു. എനിക്ക് 17 വയസ്സുള്ളപ്പോൾ എന്നെയും സഹോദരങ്ങളെയും അമ്മയുടെ അടുത്ത് ഉപേക്ഷിച്ചു പോയി . എന്റെ അമ്മ വളരെ മതവിശ്വാസിയായ സ്ത്രീയാണ്, പക്ഷേ ഒരിക്കലും ആ മതം ഞങ്ങളുടെമേൽ അടിച്ചേൽപിച്ചിട്ടില്ല. എന്റെ സഹോദരങ്ങൾ ഇസ്‌ലാം പിന്തുടരുന്നു, ഞാൻ അങ്ങനെ ചെയ്യുന്നില്ല, പക്ഷേ അവർ ഒരിക്കലും എന്നെ നിർബന്ധിക്കുന്നില്ല. അത് അങ്ങനെ തന്നെയാകണം. നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മേൽ നിങ്ങളുടെ മതം അടിച്ചേൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്നും ഉർഫി വ്യക്തമാക്കി.

Related Articles

Latest Articles