Monday, May 20, 2024
spot_img

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന ആന്‍റി നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് അതിജീവിതയിൽ നിന്ന് മൊഴിയെടുക്കും. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴിരേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താൻ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടർ എഴുതിയെടുത്തതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തള്ളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല റേഞ്ച് ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നൽകിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അതിജീവിത മൊഴി നൽകും. നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടി പി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

അതേസമയം, കുറച്ച് ദിവസം മുമ്പാണ് അതിജീവിത സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി നടത്തിവന്നിരുന്ന സമരം ഇവര്‍ അവസാനിപ്പിച്ചത്.

Related Articles

Latest Articles