Monday, May 20, 2024
spot_img

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചു.

അടുത്തയിടെ വൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന മലയാള സിനിമയിൽ, യുവാക്കളെ പോലീസ് പീഡിപ്പിക്കുന്നത് അവതരിപ്പിച്ചിരുന്നു. 2006 ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പോലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്.

സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സാഹസികതയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മൽ സ്വദേശി സിജുവിനെ രാഷ്ട്രം ജീവൻരക്ഷാ പതക് നൽകി ആദരിക്കുകയും ചെയ്തു. യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു.

Related Articles

Latest Articles