Sunday, May 19, 2024
spot_img

ഉഡുപ്പിയിൽ അത്യപൂർവ്വ “ഉമാ മഹേശ്വര വിഗ്രഹം”; പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് പുരാവസ്തു വകുപ്പ്

ഉഡുപ്പി: ഉഡുപ്പിയിൽ അത്യപൂർവ്വ ഉമാ മഹേശ്വര വിഗ്രഹം കണ്ടെത്തി. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച വിഗ്രഹമാണ് ഇതെന്ന് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ഉഡുപ്പിയിലെ സന്യാസിബേട്ടിൽ ഒരു കുന്ന് ഇടിച്ചു നിരപ്പാക്കിയപ്പോഴാണ് വളരെ മനോഹരമായ ഒരു ഉമാ മഹേശ്വര വിഗ്രഹം ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉമാ മഹേശ്വരൻ കാളയുടെ പുറത്തിരിക്കുന്ന വിഗ്രഹമാണ് കണ്ടെത്തിയത്. ഭഗവാന്റെ ഒരു കൈ കാളയുടെ കാതുകളിലും, മറ്റേ കൈ കഴുത്തിലുമാണ് പിടിച്ചിരിക്കുന്നത്. എന്നാൽ വിഗ്രഹത്തിന്റെ ഇടതുകൈ നശിച്ചിരിക്കുകയാണ്. ശിവന്റെ തോളിൽ പിടിച്ചിരിക്കുന്ന ഭാവത്തിലാണ് ദേവി ഉമയെ വിഗ്രഹത്തിൽ കൊത്തിയിരിക്കുന്നത്. അതോടൊപ്പം വീരഭദ്രൻ, ഗണപതി എന്നിവയുൾപ്പെടെയുള്ള ശിവഗണങ്ങളെ കാളയ്ക്ക് ചുറ്റും കൊത്തിവച്ചിട്ടുമുണ്ട്.

പുരാവസ്തു ഗവേഷകൻ ടി. മുരുകേശി പറയുന്നതനുസരിച്ച് വിഗ്രഹത്തിന് ഏകദേശം 9 സെന്റിമീറ്റർ ഉയരവും, 9 സെന്റിമീറ്റർ നീളവും, 4 സെന്റിമീറ്റർ വീതിയുമുണ്ട്. ഇത് സോമ ആരാധനയുടെ അല്ലെങ്കിൽ സോമേശ്വര ആരാധനയുടെ ഭാഗമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഈ ആരാധനകൾ ഈ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്നു, കൂടാതെ പഠനത്തിലിരിക്കുന്ന ഈ വിഗ്രഹവും അതേ നൂറ്റാണ്ടിൽപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles