Sunday, May 5, 2024
spot_img

ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി റിപ്പോർട്ട്; തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: ശ്രീലങ്ക വഴി തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായാണ് കർണാടക ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാനിലേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം.

ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കേരള, കർണാടക തീരദേശ അതിർത്തികളിൽ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പരിശോധന ശക്തമാക്കാൻ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകി. തീരദേശത്ത് മീൻപിടിക്കാൻ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്ന് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവിൽ ഉൾപ്പെടെ കർണാടകയുടെ പടിഞ്ഞാറൻ തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണത്തിനുപോലും സാധ്യതയുള്ളതായി ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, തിരുമല എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു.

ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇതുശരിവച്ചുകൊണ്ട് ഇപ്പോൾ 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles