Saturday, May 18, 2024
spot_img

കനത്ത മഴ; ഇടുക്കിയില്‍ പരക്കെ ഉരുള്‍പൊട്ടൽ; വിനോദ സഞ്ചാരത്തിന് നിയന്ത്രണം

തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയില്‍ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്.

മൂന്നാര്‍, ദേവികുളം താലൂക്കുകളില്‍ ബുധനാഴ്ച രാത്രിമുതല്‍ കനത്ത മഴയാണ്. മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മൂന്നാറിലേയും പരിസരപ്രദേശങ്ങളിലേയും വീടുകളില്‍ വെള്ളം കയറി. കന്നിമലയാറ്റിൽ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ്. മണിമലയാറും മീനച്ചിലാറും പലയിടങ്ങളിലും കരകവിഞ്ഞൊഴുകി. കോട്ടയം കുമളി റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. വാഗമണില്‍ ഉരുള്‍പൊട്ടി.

എറണാകുളം ജില്ലയിലും കനത്ത മഴ പെയ്യുന്നുണ്ട്. പെരിയാറില്‍ ജനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറി. ചിലയിടങ്ങളില്‍ ചുഴലിക്കാറ്റുമുണ്ടായി.

Related Articles

Latest Articles