Thursday, May 16, 2024
spot_img

പബ്ജിയിലെ ഇന്ത്യ-പാക് പ്രണയം; സീമ ഹൈദർ തിരികെ പാകിസ്ഥാനിലെത്തിയില്ലെങ്കിൽ മുംബൈ മോഡൽ ആക്രമണമെന്ന് ഭീഷണി

മുംബൈ : പബ്ജിയിലൂടെ ഇന്ത്യൻ യുവാവുമായി പ്രണയത്തിലായതിനെത്തുടർന്ന് നാല് മക്കളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദർ സ്വദേശമായ പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ 2008ലെ മുംബൈ മോഡൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. ബുധനാഴ്ച രാതി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്.

സീമ ഹൈദർ തിരികെയെത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11 മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതൻ ഫോൺ സന്ദേശത്തിൽ പറഞ്ഞു. ആക്രമണമുണ്ടായാൽ അതിനു ഉത്തരവാദികൾ ഉത്തർപ്രദേശ് സർക്കാർ ആയിരിക്കുമെന്നും ഫോണിൽ ഭീഷണി മുഴക്കിയ അജ്ഞാതൻ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ഫോൺ കോൾ വന്നതിനു പിന്നാലെ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിൽ നിന്നാണ് കോൾ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോവിഡ് കാലത്ത് പബ്ജിയിലൂടെ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയുമായി പ്രണയത്തിലായ സീമ ഹൈദർ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. നേപ്പാൾ വഴി നാല് കുട്ടികളുമായാണ് അവർ ഇന്ത്യയിലേക്ക് കടന്നത്. അനധികൃതമായി താമസിക്കുന്നുവെന്ന കുറ്റത്തിന് സീമയെയും വാടക വീട്ടിൽ താമസ സൗകര്യം ഒരുക്കിയ സച്ചിനെയും ജൂലൈ നാലിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തിൽ വിട്ടു.

മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയ ഇവർ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയിൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സീമയുടെ ഭർത്താവ്‍ ഗുലാം ഹൈദർ തന്റെ കുടുംബത്തെ തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചതായാണ് വിവരം.

Related Articles

Latest Articles