Sunday, May 12, 2024
spot_img

നിയമസഭയിലും പുറത്തും മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; അങ്ങനെ കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്കാവശ്യമില്ല : ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം : നിയമസഭയിലും പുറത്തും പ്രതികരിക്കാതെയിരുന്നാൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് തുറന്നടിച്ച് ഗണേഷ് കുമാർ എംഎൽഎ. തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം ഉന്നയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്. എന്നാൽ അങ്ങനെ കിട്ടുന്ന സ്ഥാനമാനങ്ങൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദമുയർത്തിയപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചു. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണമെന്ന് ഗണേഷ് കുമാർ ചോദിച്ചു.സ്വന്തം മണ്ഡലമായ പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകർ. അതൊരിക്കലും സർക്കാരിനെതിരെ പ്രതികരിക്കലല്ല. സർക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അർഥം ജനങ്ങൾക്കായി സംസാരിക്കുക എന്നതാണ്. അത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനു പകരം, കേരള കോൺഗ്രസ് പ്രവർത്തകർ അനീതിക്കെതിരെയും അന്യായത്തിനെതിരെയും പ്രതികരിക്കുന്നവരാകണം.

എന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം അവിടെ പറഞ്ഞാൽ മാത്രമേ ലോകം അറിയൂ. ഭരണകർത്താക്കൾ അറിയൂ. ഞാൻ പത്തനാപുരത്ത് പത്രസമ്മേളനം വിളിച്ചാൽ, അല്ലെങ്കിൽ കൊല്ലത്തു ചെന്ന് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചാൽ, മാധ്യമങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി. നിയമസഭയിലാകുമ്പോൾ ആ കുഴപ്പമില്ലല്ലോ. അവിടെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി കേൾക്കും, മറ്റു മന്ത്രിമാർ കേൾക്കും, എംഎൽഎമാരും കേൾക്കും. അവരെല്ലാവരും ആ വിഷയത്തിൽ താൽപര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നത്. അവിടെ ചെന്ന് മിണ്ടാതിരുന്നാൽ ചിലപ്പോൾ പിടിച്ച് മന്ത്രിയാക്കും. അങ്ങനെ ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല. മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും എനിക്കു വേണ്ട.’

‘‘പൊതുജനം കഴുതയല്ല ‌എന്ന് മനസ്സിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. കേരള കോൺഗ്രസുകാർ പറയുന്ന കാര്യങ്ങൾ ചെയ്യണം, പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കണം. അങ്ങനെ പ്രവർത്തിക്കാതെ വരുമ്പോഴാണ് ചില നേതാക്കൻമാരോട് ഞാൻ കയർത്തു സംസാരിക്കേണ്ടി വരുന്നത്. നിങ്ങൾക്ക് വിഷമം തോന്നാൻ വഴിയുണ്ട്. ഞാൻ ഒരു വാക്കു പറഞ്ഞാൽ പറഞ്ഞതാണ്. അത് മാറ്റിപ്പറയില്ല. കേരളത്തിൽ സ്കൂട്ടറിൽ കുട്ടികളെ ഇരുത്തിക്കൊണ്ടു പോയാൽ ഫൈൻ അടിക്കുമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്ത ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാൻ മാത്രമേയുള്ളൂ.’

‘മുഖ്യമന്ത്രിക്ക് ഇതു കേൾക്കുമ്പോൾ ദേഷ്യം വരില്ലേയെന്ന് പിന്നീട് പലരും എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു, എന്തിന് ദേഷ്യപ്പെടണം? സത്യം പറയുമ്പോൾ ഇത്ര ദേഷ്യം വരാൻ എന്തിരിക്കുന്നു? ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതായത് ഞാൻ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. ആ ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രി കേട്ടത്. ഈ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞു. ആ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കറിയാം. അദ്ദേഹം അത് ചെയ്യാമെന്നും പറ‍ഞ്ഞു.

നിയമസഭയിൽ പോയി പേടിച്ച് കാലിനിടയിൽ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറ‍ഞ്ഞുവിട്ടത്? വാഴപ്പാറയിൽ താമസിക്കുന്ന ഷീബയുടെ വയറ്റിൽനിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം?

ഇവിടെ നിങ്ങൾ അനൗൺസ് ചെയ്തത് എന്താണ്? പത്തനാപുരത്തിന്റെ ശബ്ദം നിയമസഭയിൽ മുഴങ്ങിക്കേൾക്കാൻ എന്നല്ലേ? ഗണേഷ് കുമാർ നിയമസഭയിൽ പോയി അരികിലിരുന്ന് അലവൻസും വാങ്ങി മിണ്ടാതെ പോരട്ടെ എന്നല്ലല്ലോ പറഞ്ഞത്. ഗണേഷ് കുമാറിന് നിയമസഭയിൽ പോകാനും അവിടെ പോയി മിണ്ടാതിരിക്കാനും വോട്ടു ചെയ്യാം എന്നും ആരും പറയുന്നില്ല. ഇവിടുത്തെ ആൾക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം. അതിന് ആരും പിണങ്ങേണ്ട കാര്യമില്ല. അന്ന് അതു പറഞ്ഞതുകൊണ്ട് ആ സഹോദരി സുഖം പ്രാപിച്ചു.’ – ഗണേഷ് കുമാർ പറഞ്ഞു .

Related Articles

Latest Articles