Wednesday, May 22, 2024
spot_img

കലിപ്പടങ്ങാതെ നവീൻ; അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിയത് ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങാനല്ലെന്ന് താരം !

ലക്നൗ : റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയുമായി തർക്കിച്ചതിനു പിന്നാലെ വിശദീകരണവുമായി ലക്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ്. താൻ ഇന്ത്യയിലേക്ക് വന്നത് ഐപിഎല്ലിൽ കളിക്കാനാണെന്നും അല്ലാതെ ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും ലക്നൗ താരങ്ങളോട് നവീൻ പറഞ്ഞതായി ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ലക്നൗ ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണ് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. നവീന് നേരെ കോലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും നവീൻ കോഹ്ലിയെ തുറിച്ചു നോക്കുകയും ചെയ്തു. അംപയർമാരും നവീനൊപ്പം ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും ഇടപെട്ടാണ് കോഹ്ലിയെ ശാന്തനാക്കിയത്.

എന്നാൽ ആദ്യ സംഭവത്തിന് പിന്തുടർച്ചയെന്നോണം മത്സരത്തിന് ശേഷം ഹസ്തദാനം നൽകുമ്പോഴും കോഹ്ലിയും നവീൻ ഉൾഹഖും വീണ്ടും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി.പിന്നീട് തർക്കം ഇരുവരും തമ്മിലായി. ലക്നൗ ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഇടപെട്ടാണ് പിന്നീട് വിഷയം തണുപ്പിച്ചത്. ശേഷം വിരാട് കോഹ്ലിയുമായി സംസാരിക്കാന്‍ നവീനെ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ വിളിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ താരം വഴങ്ങിയില്ല. രാഹുൽ വിളിക്കുമ്പോൾ വേണ്ടെന്ന് ആംഗ്യം കാണിച്ച് നവീൻ നടന്നുപോകുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കുമെതിരെ സംഘാടക സമിതി പിഴ ശിക്ഷയുൾപ്പെടെയുള്ള കടുത്ത നടപടിയെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ പോരാട്ടത്തിൽ നവീൻ കളത്തിലിറങ്ങില്ല എന്നാണു സൂചന. ക്യാപ്റ്റൻ കെ.എൽ. രാഹുൽ പരിക്കേറ്റു പുറത്തായ സാഹചര്യത്തില്‍ ബാറ്റിങ്ങിന് ശക്തിപകരാൻ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിനെ ലക്നൗ കളിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ നവീൻ ഉൾ ഹഖിന് ടീമിലെ സ്ഥാനം നഷ്ടമാകും.

Related Articles

Latest Articles