Thursday, May 2, 2024
spot_img

മോഷണ കുറ്റം ആരോപിച്ച് അച്ഛനെയും, മകളെയും പരസ്യ വിചാരണ ചെയ്ത സംഭവം; പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക്, നല്ല നടപ്പ് പരിശീലനം മാത്രം; കൂടുതൽ നടപടിയില്ലെന്ന് രൂക്ഷ വിമർശനം

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും, അച്ഛനെയും പിങ്ക് പോലീസ് (Pink Police) ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയ്ക്ക് നേരെ കൂടുതൽ നടപടിയില്ല. സംഭവത്തിൽ ഇവർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചുവെന്ന് കാണിച്ച് ഡിഐജി റിപ്പോർട്ട് നൽകി. രജിതയെ സ്ഥലം മാറ്റുകയും നല്ല നടപ്പ് പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇവർക്കെതിരെ മറ്റു നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല.

അതേസമയം തെറ്റ് മനസിലായിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാതിരുന്നത് വീഴ്‌ച്ചയാണെന്നും ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥ മോശം ഭാഷ ഉപയോഗിച്ചതിനോ ജാതി അധിക്ഷേപം നടത്തിയതിനോ തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇവർ ജാഗ്രത പുലർത്തിയില്ല.

ഒന്നര മാസം മുൻപാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ തോന്നക്കൽ സ്വദേശിയായ ജയചന്ദ്രനേയും മകളേയും പരസ്യമായി അപമാനിച്ചത്. പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. എന്നാൽ മൊബൈൽഫോൺ ഉദ്യോഗസ്ഥയുടെ കയ്യിൽ തന്നെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ രജിതയെ സൗകര്യപ്രദമായ സ്ഥലത്തേയ്‌ക്ക് സ്ഥലം മാറ്റുകയല്ലാതെ മറ്റൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ജയചന്ദ്രനും മകളും പോലീസ് ആസ്ഥാനത്ത് എത്തി പരാതി നൽകിയിരുന്നു. പരാതിയെ തുടർന്നാണ് കേസിന്റെ അന്വേഷണം ഹർഷിത അട്ടല്ലൂരിയ്‌ക്ക് കൈമാറിയത്. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകയും നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കുകയും മാത്രമാണ് ചെയ്തത്.

ഇതിൽ കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകിയത്. എന്നാൽ നടപടിയെടുക്കാനുള്ള അന്വേഷണമെല്ലാം പലതരത്തിൽ അട്ടിമറിച്ച് രജിതയെ സംരക്ഷിക്കുകയാണെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ഉദ്യോഗസ്ഥയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പലഭാഗത്തും നിന്നും രൂക്ഷവിമർശനം ഉയർന്നുവന്നിട്ടുണ്ട്.

Related Articles

Latest Articles