തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ (KSRTC) ഫീഡര്‍ സര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകള്‍ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുത്തര് പരീക്ഷണത്തിന് മുതിരുന്നത്.
500 ഇലക്ട്രിക് ഓട്ടോകള്‍ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകള്‍ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ സൈകിളുകളും ഇലക്ട്രിക് സ്കൂടെറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന പദ്ധതി കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ലോ ഫ് ളോര്‍ ബസുകളിലും ബെന്ഗ്ലൂരിലേക്കുള്ള സ്കാനിയ, വോള്‍വോ ബസുകളിലുമാണ് ഇത്തരം സൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു.

