പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലിയുടെ പേരിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെത്തി. ഇവ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഫോണും ബാഗും റോസ്ലിന്റെയാണെന്ന് ബന്ധുക്കളാണ് സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ടവരുടെ ഡിഎൻഎ പരിശോധനയ്‌ക്കായി പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിന്റെ മകളുടെയും രക്ത സാമ്പിളുകൾ വീണ്ടും ശേഖരിച്ചു. പരിശോധന ഫലങ്ങൾ ലഭ്യമാകുന്നതോടെ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചേർത്തുവെച്ചുള്ള പരിശോധന ആരംഭിക്കും. കോട്ടയം മെഡിക്കൽ കോളേജിലാകും പരിശോധന നടത്തുക.
അതേസമയം, കൊല്ലപ്പെട്ടവരുടെ മാംസം ഷാഫി കൊച്ചിയിലെത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രണ്ട് കൊലപാതകത്തിന് ശേഷവും മാംസം കൊച്ചിയിലെത്തിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് ഷാഫിയുടെ ഹോട്ടലിൽ സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

