ചാവക്കാട്: കേരള തീരത്തെ അനധികൃത മീൻപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടത്തിയ ശക്തമായ നടപടികൾ വൻ നേട്ടത്തിലേക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം പിഴയിനത്തിലും പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്തതിലൂടെയുമായി ആകെ 4.22 കോടി രൂപയാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ 3.55 കോടി രൂപ പിഴയായും 67.56 ലക്ഷം രൂപ ലേലത്തുകയുമാണ്. കടൽതീരമുള്ള സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ തുകയുടെ കാര്യത്തിൽ തൃശ്ശൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
പിഴയിനത്തിലും മീൻലേലത്തിലുമായി ഏറ്റവും കൂടുതൽ തുക സർക്കാരിലേക്ക് എത്തിച്ചത് തൃശ്ശൂർ ജില്ലയാണ്. പിഴയിനത്തിൽ 89.65 ലക്ഷം രൂപയും മീൻലേലത്തിലൂടെ 28.21 ലക്ഷവും ചേർത്ത് ആകെ 1.17 കോടി രൂപയാണ് ജില്ലയിൽ നിന്ന് ലഭിച്ചത്. 1.04 കോടി രൂപ നേടിയ എറണാകുളം രണ്ടാമതും, 70.89 ലക്ഷം രൂപ നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
നിയമലംഘനങ്ങളുടെ എണ്ണത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിലുള്ളത്. 106 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 96 കേസുകളുമായി കണ്ണൂരും, 82 കേസുകളുമായി ആലപ്പുഴയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. വരുമാനത്തിൽ ഒന്നാമതുള്ള തൃശ്ശൂർ 80 നിയമലംഘന കേസുകളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. സാധാരണയായി അനധികൃത മീൻപിടിത്തം കണ്ടെത്തിയാൽ യാനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും, അതിലുള്ള മത്സ്യം ലേലം ചെയ്ത് തുക ട്രഷറിയിൽ അടയ്ക്കുകയുമാണ് ചെയ്യുന്നത്.
നിയമനടപടികളിൽ മാത്രമല്ല, കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്ന കാര്യത്തിലും തൃശ്ശൂർ മികച്ചുനിൽക്കുന്നു. സംസ്ഥാനത്താകെ 5515 മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യു സംഘം കഴിഞ്ഞ വർഷം രക്ഷിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ തൃശ്ശൂർ ജില്ലയിൽ നിന്നാണ്—1260 പേർ.
ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ജാഗ്രതയാണ് ഇത്രയും കേസുകൾ കണ്ടെത്താനും സർക്കാരിലേക്ക് ഉയർന്ന തുക എത്തിക്കാനും സഹായിച്ചതെന്ന് തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി. സീമ പറഞ്ഞു. പിഴ ഈടാക്കുന്നതിനൊപ്പം തന്നെ കടലിലെ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതും തൃശ്ശൂർ ജില്ലയുടെ വലിയ നേട്ടമാണെന്ന് അവർ കൂട്ടിച്ചേർത്തു.

