അമൃത്‌സർ : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയ രണ്ടാം ബാച്ചിലെ 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.
2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11.40 ഓടെയാണ് അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ത്യക്കാരെ അമൃത്‌സർ വിമാനത്താവളത്തിലെത്തിച്ചത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

