Saturday, September 19, 2026

ഇമ്രാൻ ഖാന്‍റെ മുസാഫറാബാദ് റാലിയിൽ ഇന്ത്യാ അനുകൂല മുദ്രാവാക്യങ്ങളുമായി ജനങ്ങൾ, നാണം കെട്ട് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അവസാന അത്താണിയായിരുന്ന മുസാഫറാബാദ് റാലിയും പൊളിച്ച് കൈയ്യിൽ കൊടുത്ത് പാക് അധിനിവേശ കശ്മീർ ജനത. ‘കശ്മീർ ബനേഗാ ഹിന്ദുസ്ഥാൻ, ഗോ നാസി ഗോ ബാക്ക്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പാക് അധീന കശ്മീരിലെ ജനങ്ങൾ ഇമ്രാൻ ഖാന്‍റെ കശ്മീർ ഐക്യദാർഢ്യ റാലിയെ എതിരേറ്റത്. കശ്മീർ വിഷയത്തിൽ ലോകശ്രദ്ധ ആകർഷിക്കാനും അത് വഴി അന്താരാഷ്ട്ര രംഗത്ത് പിടിച്ചു നിൽക്കാനുമുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങൾ ഇതോടെ വീണ്ടും വൃഥാവിലായി.

ആർട്ടിക്കിൾ-370 റദ്ദാക്കി ജമ്മു കശ്മീർ ഏകീകരണം പ്രഖ്യാപിച്ച ഇന്ത്യൻ നീക്കത്തിനെതിരെ നിരന്തരം പരാതിപ്പെട്ടു കൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ ചൈനയൊഴികെ മറ്റ് പ്രമുഖ ലോകരാഷ്ട്രങ്ങളെല്ലാം കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വിഷയത്തിൽ പാകിസ്ഥാനുള്ളിൽ പോലും മതിയായ പിന്തുന കിട്ടാതിരുന്ന ഇമ്രാൻ ഖാൻ കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഓഗസ്റ്റ് മുപ്പതിന് ‘കശ്മീർ അവർ’ ആചരിച്ചിരുന്നുവെങ്കിലും അത് സാമാന്യം ഭേദപ്പെട്ട പരാജയമായിരുന്നു. എന്നാൽ സ്വന്തം ജനതയുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ ‘കശ്മീർ ബനേഗാ ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യം കേൾക്കേണ്ട ഗതികേടായിരുന്നു മുസഫറാബാദ് റാലിയിൽ ഇമ്രാനെ കാത്തിരുന്നത്.

ജനങ്ങൾ തള്ളിക്കളഞ്ഞ റാലിയിൽ ഒടുവിൽ ഇമ്രാൻ ഖാന്‍റെ മുഖം രക്ഷിക്കാനായി അധികാരികൾ ആളിനെ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ആബട്ടാബാദിൽ നിന്നും റാവല്പിണ്ടിയിൽ നിന്നും ട്രക്കുകളിൽ ആളുകളെ കൊണ്ടു വന്ന് റാലിയിൽ തിരുകി കയറ്റിയത് നാണം കെട്ട നടപടിയാണെന്നും പാക് അധീന കശ്മീർ മനുഷ്യാവകാശ പ്രവർത്തകൻ അംജദ് അയൂബ് മിർസ ആരോപിച്ചിരുന്നു.

ജമ്മു കശ്മീർ വിഷയത്തിൽ ഇനിയും മുന്നോട്ട് പോയാൽ ഒടുവിൽ മുസാഫറാബാദ് കൂടി ഇന്ത്യ കൊണ്ടു പോകുമെന്ന് പാകിസ്ഥാൻ പ്രതിപക്ഷ യുവനേതാവ് ബിലാവൽ ഭൂട്ടോയും ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Latest Articles