Wednesday, May 22, 2024
spot_img

എറണാകുളത്ത് വയോധികയെ മകൻ അതിക്രൂരമായി വെട്ടിക്കൊന്ന സംഭവം; കൃത്യം നടന്ന വീടും പ്രദേശവും സാക്ഷ്യം വഹിച്ചത് സംഭവ ബഹുലമായ നിമിഷങ്ങൾക്ക്

വയോധികയെ മകൻ അതിക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ കൃത്യം നടന്ന വീടും പ്രദേശവും സാക്ഷ്യം വഹിച്ചത് സംഭവ ബഹുലമായ നിമിഷങ്ങൾക്ക്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ (51) പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ മുതൽ ആരംഭിച്ച പ്രശ്നം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ കൗൺസിലറെ വിവരം അറിയിക്കുകയും അദ്ദേഹം ഉച്ചയോടെ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. കൗൺസിലർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വാതിൽ തുറക്കാൻ വിനോദ് തയ്യാറായില്ല. ജനലിലൂടെ വീട്ടിൽ പ്രശ്നമൊന്നുമില്ലെന്നെന്നും താനും തന്റെ അമ്മയും ഇവിടെ സമാധാനത്തോടെയാണ്  ജീവിക്കുന്നതെന്നും പറഞ്ഞു.

പോലീസ് സംഘം പിൻവാങ്ങാത്തത്തോടെ വിനോദ് ഫ്യൂസ് ഊരി. തുടർന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് പോലീസ് വാതിലിൽ മുട്ടിയെങ്കിലും ഇയാൾ വാതിൽ തുറക്കാതിരുന്നതോടെ മൂന്നര മണിയോടെ പോലീസ് സംഘം തിരികെ മടങ്ങി.

പിന്നാലെ വൈകുന്നേരം അഞ്ചര മണിയോടെ വീട്ടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ വലിച്ചെറിയുന്ന ശബ്ദവും കേട്ടു. പിന്നാലെ പാചക വാതകം തുറന്നുവിട്ട ഗന്ധവും പരന്നു. ഇതോടെ ഭയപ്പെട്ട അയൽവാസികൾ കൗൺസിലറെ വീണ്ടും വിളിച്ചു. തുടർന്ന്
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും, വാതിൽ തുറക്കാനുള്ള നടപടികളിലേക്കു പോലീസ് കടന്നത് 2 മണിക്കൂറിനു ശേഷമാണ്. രേഖാമൂലം പരാതി കിട്ടിയെങ്കിൽ മാത്രമേ വീടിനകത്തു കയറാൻ പറ്റുകയുള്ളു എന്ന് പോലീസുകാർ പറഞ്ഞതോടെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഉടൻ തന്നെ ആവശ്യം ഉന്നയിച്ച് കത്ത് പൊലീസിനു നൽകി.

രാത്രി എട്ടുമണിയോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. അക്രമാസക്തനായ വിനോദിനെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. മനോദൗർബല്യത്തിനു ചികിത്സ തേടുന്നയാളാണ് വിനോദെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles