Friday, May 17, 2024
spot_img

മോദി പരാമർശം; നിലയില്ലാക്കയത്തിൽ രാഹുൽ ഗാന്ധി ! മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; അയോഗ്യത തുടരും

അഹമ്മദാബാദ് : മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രക്ഷയില്ല. രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും. അതേസമയം ഇതിനെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കി.

രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും രാഹുലിനെതിരെ സമാനമായ പരാതികൾ വേറെയുമുണ്ടെന്നും നിരീക്ഷിച്ച ഹൈക്കോടതി ഈ കേസിൽ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രഛകാണ് വിധി പറഞ്ഞത്.
മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നേരത്തേ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. മേയിൽ ഇടക്കാല ഉത്തരവു നൽകാൻ വിസമ്മതിച്ച കോടതി, വേനലവധിക്കു ശേഷം അന്തിമവിധി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

2019 ലോക്‌സഭാ പ്രചാരണത്തിനിടെ കർണാകയിലെ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുൽ ചോദിച്ചതാണ് കേസിന് ആധാരം. മാർച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതിനെത്തുടർന്ന് ലോക്സഭാ അംഗത്വം പാർലമെന്റ് അംഗത്വം റദ്ദാക്കുകയും പിന്നാലെ അംഗങ്ങൾക്ക് അനുവദിച്ച ഔദ്യോഗിക വസതി രാഹുൽ ഒഴിയുകയും ചെയ്തിരുന്നു

Related Articles

Latest Articles