കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് യാത്രക്കാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരനാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ദേശീയപാത വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെയും ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെയും ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

