Saturday, May 4, 2024
spot_img

തമിഴ്‌നാട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശാധന തുടരുന്നു; ഇതുവരെ പിടിച്ചെടുത്തത് 60 കോടി രൂപയുടെ പണവും സ്വർണ്ണവും

ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്‌രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ തുടരുന്നു. കഴിഞ്ഞ ദിവസം 32 കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും 28 കോടി രൂപയുടെ സ്വർണ്ണവും കണ്ടെത്തിയിരുന്നു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച പരിശോധനയിൽ ഇതുവരെ 60 കോടി രൂപയുടെ പണവും സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നൂറോളം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ഡിസ്റ്റിലറി, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.

റെയ്ഡിൽ രേഖകളുടെ ഹാർഡ് കോപ്പികൾ, ഡിജിറ്റൽ ഡാറ്റ എന്നീ കുറ്റകരമായ തെളിവുകൾ എന്നിവ സംഘം പിടിച്ചെടുത്തു. ഫീസ് രസീതുകളും സ്കോളർഷിപ്പുകൾ വിതരണം ചെയ്തതിന്റെ വ്യാജ തെളിവുകളും ഐടി വകുപ്പ് കണ്ടെത്തി. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ട്രസ്റ്റ് ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതായും ഇതിലൂടെ കണക്കിൽപ്പെടാത്ത കമ്മീഷനായി ഏകദേശം 25 കോടി രൂപ ഉണ്ടാക്കിയതായും പിടിച്ചെടുത്ത തെളിവുകൾ സൂചിപ്പിക്കുന്നു.

ഡിസ്റ്റിലറി ബിസിനസിൽ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനായി 500 കോടി രൂപ ചെലവായതായും കണ്ടെത്തി. എന്നാൽ വാങ്ങിയതിന്റെ ബില്ലുകൾ കണ്ടെത്താനോ ചിലവ് കണക്കിൽപ്പെടുത്താനോ സ്ഥാപനത്തിന് കഴിഞ്ഞില്ല. കൂടാതെ നിലവിലില്ലാത്ത വിവിധ സ്ഥാപനങ്ങൾക്ക് ചെക്കുകൾ നൽകുകയും, സ്ഥാപനങ്ങളിൽ നിന്ന് കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾ നടത്തുന്നതിന് പണം വാങ്ങുകയും ചെയ്തു.

ട്രസ്റ്റുകളിൽ നിന്ന് 300 കോടിയിലധികം രൂപ ട്രസ്റ്റികളുടെ വ്യക്തിഗത ചെലവുകൾക്കും വിവിധ ബിസിനസ് ആവശ്യത്തിനും വകമാറ്റിയെന്നും പിടിച്ചെടുത്ത രേഖകൾ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഒരു വ്യാവസായിക സ്ഥാപനം ഏറ്റെടുക്കുന്നതിന് നടത്തിയ പണമിടപാടുകളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles