Monday, May 20, 2024
spot_img

ഉത്തർപ്രദേശിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മൂന്ന് കർഷകർക്ക് മരണം;ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മൂന്ന് കർഷകർ മരിച്ചു. അപകടശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അതേസമയം, ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ഇന്നലെ വൈകിട്ട് കാൺപൂരിലെ ബിൽഹൗർ ടൗണിലാണ് സംഭവം നടന്നത്. കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. വഴിയരികിൽ നിൽക്കുകയായിരുന്ന കർഷകരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുരേന്ദ്ര സിംഗ് (62), അഹിബറൺ സിംഗ് (63), ഘസീതെ യാദവ് (65) എന്നിവരാണ് മരിച്ചത്.

അതേസമയം, അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എൻജിനീയറുടെ പേരിലുള്ളതാണ് പിടികൂടിയ കാർ. ജൂനിയർ എൻജിനീയറുടെ കുടുംബത്തെ വീട്ടിലെത്തിച്ച ശേഷം മടങ്ങും വഴിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കെതിരെ ബിൽഹൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles