Thursday, May 9, 2024
spot_img

താനൂര്‍ ബോട്ട് അപകടം; രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വിവി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ദുരന്തം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ടു ഉദ്യോഗസ്ഥരും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്. ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായി നടത്തിയിരുന്നില്ല. പിന്നീട് മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മ്മിച്ച കാര്യം പോലും സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് ഓഫീസറായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിരുന്നു.

Related Articles

Latest Articles