ദില്ലി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ദില്ലി പോലീസിൽ പരാതി. സുപ്രീംകോടതി അഭിഭാഷകനായ ശുഭ് ശർമ്മയാണ് ദില്ലി ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.
ദേശീയ ഗീതം ആലപിക്കുന്നതിനിടയിൽ സോണിയാ ഗാന്ധി ഗാനം തുടരുന്നതിനെതിരെ ആംഗ്യങ്ങളിലൂടെ എതിർപ്പ് പ്രകടിപ്പിച്ചതായും, രാഹുൽ ഗാന്ധി ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പരാതിയിൽ പറയുന്നു. വന്ദേമാതരത്തിന്റെ ആലാപനത്തെ ബോധപൂർവ്വം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.
വന്ദേമാതരം ആലപിക്കുന്നതിൽ കോൺഗ്രസ് അനാദരവ് കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തുറന്നടിച്ചിരുന്നു. രാജസ്ഥാനിലെ ചിറ്റോർഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെതിരെയും സോണിയാ ഗാന്ധിക്കെതിരെയും വിമർശനം ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ദേശീയ ഗീതത്തോട് ഇത്തരത്തിൽ പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തെ 140 കോടി ജനങ്ങൾ ഈ പ്രവൃത്തി ഒരിക്കലും പൊറുക്കില്ലെന്നും കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

