Saturday, October 3, 2026

വടകരയിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച സംഭവം: മൂന്ന് സിപിഎം പ്രവർത്തകർ പോലീസിൽ കീഴടങ്ങി

കോഴിക്കോട്: വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ വടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചാനിയംകടവ് സ്വദേശികളായ സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലീഗ് പ്രവർത്തകൻ താഴെക്കുറ്റിയിൽ യൂസഫിനെ, അക്രമിസംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനത്തിന് പുറമെ, യൂസഫിന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണവും മൊബൈൽ ഫോണും അക്രമികൾ കവർന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ അക്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ലീഗ് പ്രവർത്തകനായ യൂസഫിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Related Articles

Latest Articles