Wednesday, November 4, 2026

ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മദ്യവും മാരക ലഹരിമരുന്നുകളും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ ആഡംബര ഹോട്ടലിൽ വെച്ച് 29 കാരനായ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുകെ കോറോണേഴ്സ് കോടതി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. കെൻസിംഗ്ടണിലെ ഉള്ള മാരിയറ്റ് ഹോട്ടലിൽ കഴിഞ്ഞ നവംബർ 25-ന് നടന്ന സംഭവത്തിൽ മദ്യവും പാർട്ടി ഡ്രഗ്സുകളും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളും ചേർന്ന് ഉള്ളിൽ ചെന്നതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്നർ വെസ്റ്റ് ലണ്ടൻ കോറോണേഴ്സ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, നവംബർ 19-നാണ് രാജകുമാരൻ പ്രതിദിനം 600 യൂറോ വാടകയുള്ള ഹോട്ടൽ മുറിയിൽ എത്തിയത്. മരണത്തിന് തലേദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാൻ പുറത്തിറങ്ങിയതാണ് സിസിടിവിയിൽ പതിഞ്ഞ അവസാന ദൃശ്യം. അടുത്ത ദിവസം റൂം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരനാണ് അഞ്ചാം നിലയിലെ മുറിയിൽ ബാത്ത്റൂമിലെ നിലത്ത് വീണുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. എമർജൻസി ടീം എത്തിയെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ടോക്സിക്കോളജി പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യവും, ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് എന്ന പാർട്ടി ഡ്രഗ്ഗും കഞ്ചാവ്, വിഷാദരോഗത്തിനുള്ള സനാക്സ് തുടങ്ങിയ മറ്റ് മരുന്നുകളുടെ സാന്നിധ്യവും കണ്ടെത്തി. മുൻപ് ലഹരിവിമുക്ത ചികിത്സയിൽ പങ്കെടുത്ത ചരിത്രമുണ്ടെങ്കിലും, ഈ മാരകമായ മിശ്രിതം ഉള്ളിൽ ചെന്ന് അപകടത്തിൽപ്പെട്ടുള്ള മരണമാണ് നടന്നതെന്നും സ്വയം ജീവനൊടുക്കിയതിനോ മറ്റ് ദുരൂഹതകൾക്കോ തെളിവുകളില്ലെന്നും അസിസ്റ്റന്റ് കോറോണർ ജീൻ ഹാർക്കിൻ വ്യക്തമാക്കി. റിയാദിലെ വിഐപി ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ വെച്ച് ആചാരപരമായ പ്രാർത്ഥനകൾ നടന്നതായി സൗദി റോയൽ കോർട്ട് അറിയിച്ചു.

അബ്ദുള്ള രാജകുമാരൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായി സൂചിപ്പിക്കുന്ന യാതൊരു തെളിവുമില്ലെന്ന് അസിസ്റ്റന്റ് കോറോണർ ജീൻ ഹാർക്കിൻ നിഗമനത്തിലെത്തി. ആത്മഹത്യാക്കുറിപ്പോ, രാജകുമാരൻ അത്തരം ചിന്തകൾ പ്രകടിപ്പിച്ചതായോ ഉള്ള തെളിവുകളില്ലെന്നും കേസിൽ മൂന്നാമതൊരാളുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കോടതി കേട്ടു. മരണത്തിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ അദ്ദേഹം തനിച്ചായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നു.

Related Articles

Latest Articles