Tuesday, May 21, 2024
spot_img

സെഞ്ചൂറിയനിൽ പരാജയം സമ്മതിച്ച് ഇന്ത്യ! ദക്ഷിണാഫ്രിക്കൻ വിജയം ഇന്നിങ്സിനും 32 റൺസിനും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പരാജയം സമ്മതിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0). അടുത്ത മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാം. തോൽവിയോ സമനിലയോ വഴങ്ങിയാൽ പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കും. സ്‌കോര്‍: ഇന്ത്യ – 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10.

163 റണ്‍സ് ഒന്നാം ഇന്നിങ്‌സ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 131 റണ്‍സിന് എല്ലാപേരും കൂടാരം കയറി. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്ത കോഹ്‌ലിയും .
26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ഇല്ലായിരുന്നെങ്കിൽ തോൽവിയുടെ ആഴം കൂടുമായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്‌സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെ.എല്‍ രാഹുല്‍ (4), ആര്‍. അശ്വിന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (2) എന്നിവർ നിരാശപ്പെടുത്തി. ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നാല് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബര്‍ഗറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. റബാദ രണ്ട് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്. ഇതോടെ 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡും ദക്ഷിണാഫ്രിക്ക നേടി.

ഇന്നലെ അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക ശേഷിച്ച അഞ്ച് വിക്കറ്റിൽ 152 റണ്‍സാണ് ഇന്ന് കൂട്ടിച്ചേർത്തത്. 287 പന്തില്‍ നിന്ന് 28 ബൗണ്ടറികളോടെ 185 റണ്‍സെടുത്ത ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കൻ സ്കോർബോർഡിൻെറ നട്ടെല്ല്. 111 റൺസ് സ്കോർബോർഡിലെത്തിച്ച എല്‍ഗര്‍ – മാര്‍ക്കോ യാന്‍സന്‍ സഖ്യം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി . 147 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 11 ഫോറുമടക്കം 84 റണ്‍സോടെ യാന്‍സൻ പുറത്താകാതെ നിന്നു.
ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കൻ പേസ് നിരയെ പ്രതിരോധിച്ച് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി

Related Articles

Latest Articles