ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി (Covid) കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. മെട്രോ നഗരങ്ങളില്‍ സ്ഥിരീകരിച്ച 75% കേസുകളും ഒമിക്രോണാണെന്ന് എന്‍ എന്‍ അറോറ വ്യക്തമാക്കി.
ഡിസംബര്‍ ആദ്യ വാരത്തിലാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രാജ്യത്ത് തിരിച്ചറിഞ്ഞ കൊവിഡ് വകഭേദങ്ങളില്‍ 12 ശതമാനവും കൊവിഡ് ആയിരുന്നു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഒമിക്രോണില്‍ 28 ശതമാനവും വര്‍ധനയുണ്ടായതായും അറോറ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക.
അതേസമയം കേരളത്തില്‍ ഇന്നലെ 2560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

