Tuesday, May 21, 2024
spot_img

കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം; ലഷ്‌കർ-ഇ-ത്വയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുകയാണ്. ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ (Top Lashkar E Taiba Commander Killed) ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. മുപ്പതുകാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 2017ലാണ് ലഷ്‌കറിന്റെ ടോപ് കമാൻഡറായിരുന്ന സലീം പറേയ് തീവ്രവാദ സംഘടനയിലെത്തുന്നത്. ഇതിന് മുമ്പ് ഹജിൻ നഗരത്തിൽ മെക്കാനിക്ക് ആയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തീവ്രവാദത്തിൽ സജീവമായിരുന്ന സലീം സൈന്യവുമായി നടന്നിട്ടുള്ള നിരവധി ഏറ്റുമുട്ടലുകളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. സൈന്യം വധിച്ച രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്. ഹഫീസ് എന്ന ഹംസയാണ് ഇയാളെന്ന് പിന്നീട് സൈന്യം തിരിച്ചറിഞ്ഞു. ഷലീമർബാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

അതേസമയം കഴിഞ്ഞദിവസം അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ ബിഎസ്എഫ് വധിച്ചിരുന്നു. ജമ്മുവിലെ അതിർത്തിരേഖയിലെ അർനിയ സെക്ടറിലാണ് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇതിനുപുറമെ കഴിഞ്ഞ ദിവസം കശ്മീരിലെ കുപ്‌വാരയിൽ പാക് ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രമം വിജയിച്ചില്ല. പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഏറ്റമുട്ടലിനെ തുടർന്ന് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. ഭീകരന്റെ പക്കൽ നിന്നും ഒരു എകെ 47 റൈഫിളും ഗ്രനേഡുകളും സൈന്യം കണ്ടെടുത്തിരുന്നു.

Related Articles

Latest Articles