ദില്ലി : രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ (ഓഗസ്റ്റ് 14, 2025) രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 7 മണിക്ക് ആകാശവാണിയുടെയും ദൂരദർശന്റെയും ദേശീയ ശൃംഖലകളിലൂടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യും.
രാഷ്ട്രപതിയുടെ പ്രസംഗം ആദ്യം ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും ദൂരദർശനിലെ എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. ഇതിനുശേഷം, ദൂരദർശന്റെ പ്രാദേശിക ചാനലുകൾ പ്രാദേശിക ഭാഷകളിൽ പ്രസംഗം സംപ്രേക്ഷണം ചെയ്യും. രാത്രി 9.30-ന് ആകാശവാണിയുടെ പ്രാദേശിക ശൃംഖലകൾ വഴി പ്രാദേശിക ഭാഷകളിലുള്ള പതിപ്പുകൾ ലഭ്യമാകും.
ഓരോ വർഷവും സ്വാതന്ത്ര്യദിനത്തിന് തലേദിവസം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒരു കീഴ്വഴക്കമാണ്. രാഷ്ട്രനിർമ്മാണത്തിൽ ഓരോ പൗരന്റെയും പങ്ക്, രാജ്യത്തിന്റെ നേട്ടങ്ങൾ, വെല്ലുവിളികൾ, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചാണ് സാധാരണയായി പ്രസംഗങ്ങളിൽ പരാമർശിക്കാറുള്ളത് .

