Sunday, May 12, 2024
spot_img

തകർച്ചയെ അതിജീവിച്ച് പാകിസ്ഥാനെതിരെ ഏഷ്യാകപ്പിൽ ഭേദപ്പെട്ട സ്കോറുയർത്തി ഇന്ത്യ; തുണയായത് ഇഷാന്‍ കിഷന്‍ – ഹാര്‍ദിക് പാണ്ഡ്യ സഖ്യം; പാകിസ്ഥാന് 267 റൺസ് വിജയലക്ഷ്യം

കാന്‍ഡി: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ പതർച്ചയെ അതിജീവിച്ച് പൊരുതാവുന്ന സ്‌കോർ കണ്ടെത്തി.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍ – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 138 റണ്‍സാണ് സഖ്യം ഇന്ത്യൻ സ്‌കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്.

90 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 81 പന്തുകള്‍ നേരിട്ട ഇഷാന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്തു.

10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് പാക് ബൗളിംഗ് നിരയിൽ തിളങ്ങിയത്. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത നായകൻ രോഹിത് ശര്‍മയെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്. തൊട്ട് പിന്നാലെ ഏഴ് പന്തില്‍ നിന്ന് നാലു റണ്‍സുമായി വിരാട് കോഹ്ലിയെയും അഫ്രീദി മടക്കി അയച്ചു.തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യറെ ഒമ്പത് പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് നിൽക്കവേ ഹാരിസ് റൗഫ് പുറത്താക്കി. 32 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത ഗില്ലിനെയും ഹാരിസ് റൗഫ് പുറത്താക്കി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ഇഷാന്‍ കിഷന്‍ – ഹാര്‍ദിക് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാൽ 38-ാം ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കി റൗഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. രവീന്ദ്ര ജഡേജ 14 റണ്‍സെടുത്തു. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ബുംറ വാലറ്റത്ത് നല്ല ചെറുത്ത് നിൽപ്പ് നടത്തി. ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയപ്പോള്‍ കെ.എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചു. സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും ടീമിലില്ല.

Related Articles

Latest Articles