Sunday, April 28, 2024
spot_img

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് അമേരിക്ക ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസീൻ

വാഷിങ്ടൺ : അമേരിക്ക ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസീൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്തു. ‘എ+'(A+) റേറ്റുചെയ്ത മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്തെത്തി. അഭിമാന നേട്ടം സ്വന്തമാക്കിയ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങൾ. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ചാ പാതയെ ശക്തിപ്പെടുത്തുന്നത് തുടരുന്നു’ മോദി കുറിച്ചു.

നേരത്തെ ഈ വർഷം ജൂണിൽ ലണ്ടനിലെ സെൻട്രൽ ബാങ്കിംഗിന്‍റെ ‘ഗവർണർ ഓഫ് ദ ഇയർ’ അവാർഡും ലഭിച്ചിരുന്നു. പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയൊക്കെ പരിഗണിച്ചാണ് ഗ്ലോബൽ ഫിനാൻസ് മാഗസീൻ റാങ്കുകൾ നിശ്ചയിക്കുന്നത്.

ശക്തികാന്ത ദാസിന് തൊട്ടടുത്ത സ്ഥാനങ്ങളിലായി സ്വിറ്റ്‌സർലൻഡ് ഗവർണർ തോമസ് ജെ ജോർദാനെയും വിയറ്റ്‌നാം സെൻട്രൽ ബാങ്ക് മേധാവി എൻഗുയെൻ തി ഹോംഗിനെയുമാണ് ഗ്ലോബൽ ഫിനാൻസ് മാഗസീൻ തെരഞ്ഞെടുത്തിരിക്കുന്നത് . ബ്രസീലിലെ റോബർട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീർ യാറോൺ, മൗറീഷ്യസിലെ ഹർവേഷ് കുമാർ സീഗോലം, ന്യൂസിലൻഡിലെ അഡ്രിയാൻ ഓർ എന്നിവരും ‘എ’ (A) ഗ്രേഡ് നേടിയ സെൻട്രൽ ബാങ്ക് ഗവർണർമാരിൽ ഉൾപ്പെടുന്നു.

കൊളംബിയയിലെ ലിയോനാർഡോ വില്ലാർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഹെക്ടർ വാൽഡെസ് അൽബിസു, ഐസ്‌ലാൻഡിലെ അസ്‌ഗീർ ജോൺസൺ, ഇന്തോനേഷ്യയിലെ പെറി വാർജിയോ എന്നിവരാണ് ‘എ-‘(A-) ഗ്രേഡ് നേടിയ ഗവർണർമാർ.

Related Articles

Latest Articles