Sunday, May 26, 2024
spot_img

മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി ഇന്ത്യ നീറ്റിലിറക്കിയോ? റിപ്പോർട്ടുകൾ പുറത്ത്

ദില്ലി: രാജ്യം മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അരിഹന്ത് ക്ലാസില്‍ വരുന്ന എസ്-4 ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണവമിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ അന്തര്‍വാഹിനിയാണ് ഇത്.

വിശാഖ പട്ടണത്താണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിഷയങ്ങള്‍ സംബന്ധമായ പ്രസിദ്ധീകരണമായ ജയിന്‍സ് ഡിഫന്‍സ് വീക്കിലിയാണ് വിവരം പുറത്തുവിട്ടത്.

ജെയിന്‍സ് ഡിഫന്‍സ് വീക്കിലി ഡിസംബര്‍ 29 ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 23നാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത് എന്നും ഇപ്പോള്‍ തന്നെ കമ്മിഷനിങ്ങിന് തയ്യാറായിരിക്കുന്ന രണ്ടാം ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഗത് കിടന്നിരുന്ന വാര്‍ഫിലേക്കാണ് പുതിയ അന്തര്‍വാഹിനി നീക്കിയിരിക്കുന്നത് എന്നും ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും ജെയിന്‍സ് ഡിഫന്‍സ് വീക്കിലി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോള്‍ ലോഞ്ച് ചെയ്ത മൂന്നാം ആണവ അന്തര്‍വാഹിനി എസ്-4, അരിഹന്ത് ക്ലാസിലെ മുന്‍ഗാമികളേക്കാള്‍ അല്‍പം കൂടി വലുതാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരണം പറയുന്നു. 7000 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയുടെ നീളം 125.4 മീറ്ററാണ്.

അതേസമയം ആദ്യ അരിഹന്ത് അന്തര്‍വാഹിനിയ്ക്ക് 6000 ടണ്‍ ഭാരവും 111.6 മീറ്റര്‍ നീളവുമാണ് ഉള്ളത്.
എസ്-4ന് അധിക വലിപ്പം ഉണ്ടായതു കൊണ്ടു തന്നെ അതിന് കൂടുതല്‍ ആണവ മിസൈലുകള്‍ വഹിക്കാന്‍ കഴിയുമെന്നും ജയിന്‍സ് വീക്കിലി പറയുന്നു.

Related Articles

Latest Articles