Saturday, May 4, 2024
spot_img

ഫൈനലിലും റെക്കോർഡ് വേട്ട തുടർന്ന് വിരാട് കോഹ്‌ലി! ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റൺവേട്ടക്കാരൻ

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമിഫൈനലിലെ പ്രകടനത്തിലൂടെ ഒട്ടനവധി റെക്കോർഡുകളാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലിക്ക് മുന്നിൽ തകർന്നടിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലും താരം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരൻ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്ങിനെയാണ് കോഹ്ലി പിന്നിലാക്കിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് താരം പോണ്ടിങ്ങിനെ മറികടന്നത്. 45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ലോകകപ്പിൽ ഏറ്റവും റൺസ് നേടിയ താരം.

അതെ സമയം ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. ശ്രേയസ് അയ്യർ നായകൻ പാറ്റ് കുമ്മിൻസിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ പിടികൊടുത്താണ് പുറത്തായത്. തുടർന്ന് വിരാട് കോഹ്ലിയും കെ.എൽ.രാഹുലും ചേർന്ന് 16–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്. 63 പന്തിൽ 54 റൺസ് നേടിയ കോഹ്ലി കുമ്മിൻസിന്റെ പന്തിൽ ബൗൾഡ് ആയാണ് പുറത്തായത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.

Related Articles

Latest Articles