ദില്ലി : സ്വതന്ത്ര വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ നല്ല രീതിയിൽ എല്ലാ അംഗരാജ്യങ്ങളുമായും നടക്കുന്നുണ്ടെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് മാസത്തിൽ ഓസ്‌ട്രേലിയയുമായും 2022 ഡിസംബർ 29-ന് യുഎഇയുമായും ഇന്ത്യ അടുത്തിടെ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടു. 27-ാമത് വാർട്ടൺ ഇന്ത്യ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയൽ.
ഉഭയകക്ഷി വ്യാപാര കരാറുകൾക്കായി പല രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിൽ വ്യാപാരം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്.
എല്ലാ ഉൽപ്പന്നങ്ങളും കാര്യക്ഷമമായി നിർമ്മിക്കാൻ രാജ്യത്തിനു കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുക അല്ലാതെ മറ്റു വഴികളില്ല . ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ, ഔഷധ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് . ഇത് വ്യാപാര കരാറുകൾക്ക് ഗുണം ചെയ്യും. 2022-ൽ ഇന്ത്യയിൽ 74 ബില്യൺ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലായി നടന്നു എന്നാണു കണക്ക്.ഇത് യൂറോപ്പ്, യുഎസ്, ചൈന എന്നീ രാജ്യങ്ങൾ നടത്തിയതിനേക്കാൾ ഉയർന്നതാണ്. ഉയർന്ന നിലവാരമുള്ള, മികച്ച സാങ്കേതിക വിദ്യയും സേവനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയായി മാറുക എന്നതാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.

