Sunday, September 20, 2026

ഇന്ത്യൻ സേനയ്ക്ക് കൂടുതൽ കരുത്ത്; യുഎസിൽനിന്ന് വാങ്ങും 30 സായുധ ഡ്രോണുകൾ; 22,500 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി

ദില്ലി: അമേരിക്കയിൽ നിന്ന് 30 സായുധ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ‘എംക്യു 9ബി സീ ഗാർഡിയൻ’ വിഭാഗത്തിലുള്ള പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത സമിതി യോഗം അനുമതി നൽകിയെന്നാണു വിവരം.

കേന്ദ്ര പ്രതിരോധ സംഭരണ കൗൺസിലിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയുടെയും അംഗീകാരത്തോടെ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

യുഎസിൽ നിന്ന് 22,500 കോടി രൂപയ്ക്കാണു ഡ്രോണുകൾ വാങ്ങുക. കര, നാവിക, വ്യോമ സേനകൾക്ക് 10 വീതം ലഭ്യമാക്കും. ചൈന അതിർത്തിയിൽ സംഘർഷം തുടരുന്ന വേളയിൽ ഡ്രോണുകളുടെ വരവ് ഇന്ത്യൻ സേനയ്ക്കു കരുത്തു പകരും.

അതേസമയം ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി കഴിഞ്ഞ നവംബറിൽ 2 സീ ഗാർഡിയൻ ഡ്രോണുകൾ നാവികസേന യുഎസിൽ നിന്ന് ഒരു വർഷത്തേക്കു പാട്ടത്തിനെടുത്തിരുന്നു. നിരീക്ഷണമായിരുന്നു അവയുടെ ദൗത്യം. എന്നാൽ, പുതുതായി വാങ്ങുന്ന ഡ്രോണുകൾ ആക്രമിക്കാൻ കഴിവുള്ളവയാണ്.

എംക്യു 9ബി സീ ഗാർഡിയൻ

നീളം: 11 മീറ്റർ

വിങ്സ്പാൻ: 20 മീറ്റർ

ഉയരം: 3.81 മീറ്റർ

വേഗം: മണിക്കൂറിൽ 480 കിലോമീറ്റർ

ഉയരെ പറന്ന് സൂക്ഷ്മ ആക്രമണം

∙ ആയുധങ്ങൾ

ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ, 2 ടൺ സ്ഫോടകവസ്തുക്കൾ.

∙ പറക്കൽശേഷി

പരമാവധി 40,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കാം.

∙ ആക്രമണശേഷി

ശത്രുമേഖലകൾ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങളിൽ യുദ്ധക്കപ്പലുകൾ, പീരങ്കികൾ എന്നിവ തകർക്കാം.

നിയന്ത്രണം ഇങ്ങനെയാണ് ;

‘ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനി’ലിരുന്നാണ് ഡ്രോണിന്റെ നിയന്ത്രണം. ശത്രു മേഖലയിലെത്തുന്ന ഡ്രോൺ ദൃശ്യങ്ങൾ പകർത്തി അയയ്ക്കും. കൺട്രോൾ സ്റ്റേഷനിൽ നിന്നാണ് ആക്രമണ നിർദേശം നൽകുക. സ്റ്റേഷനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ അകലേക്കു ഡ്രോണിനു പറക്കാനാവും.

Related Articles

Latest Articles