Tuesday, November 3, 2026

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഭാരതം; ആന്റണി അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും തമ്മിൽ മെല്‍ബണില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, നൂതന സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുനേതാക്കളും ഭാരതം -ഓസ്‌ട്രേലിയ സി.ഇ.ഒ ഫോറത്തിലും സാമ്പത്തിക സഹകരണ റോഡ്മാപ്പ് സംബന്ധിച്ച ബിസിനസ് സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് ബിസിനസ് നേതാക്കളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സ്വാഭാവികവും വിശ്വസനീയവുമായ പങ്കാളികളാണെന്ന് വ്യക്തമാക്കി.

‘ഇന്ന് ഈ വേദിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബിസിനസ് ശക്തിയും അഭിലാഷവും ഒരുമിച്ചുചേരുകയാണ്. ലോകം അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും ഊര്‍ജ വെല്ലുവിളികളും നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വിശ്വസനീയമായ പങ്കാളികളായി മുന്നോട്ടുപോകുന്നത് അതീവ പ്രധാനമാണ്,’ – എന്ന് നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ ദിവസംമെല്‍ബണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. പരിപാടിയിലെ പ്രധാന ആകര്‍ഷണമായി ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ‘മാ തുജെ സലാം’ എന്ന ഗാനവും മാറി. പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

‘ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്രയുടെ ‘മാ തുജെ സലാം’ എന്ന ഹൃദയസ്പര്‍ശിയായ അവതരണം അതിമനോഹരമായിരുന്നു. സംഗീതം ജനങ്ങള്‍ തമ്മിലുള്ള ബന്ധം എത്ര ശക്തമാക്കുന്നുവെന്ന് അത് തെളിയിച്ചു. എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. വന്ദേ മാതരത്തിന്റെ ആഗോള ജനപ്രീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ അവതരണം, പ്രത്യേകിച്ച് അതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍,’ – എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അതേസമയം ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം, ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യ-ഓസ്‌ട്രേലിയ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ണായക നയതന്ത്ര നീക്കമായാണ് നിരീക്ഷകർ വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles