Thursday, January 8, 2026

റിപ്പബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രിയെ കൺകുളിർക്കെ കാണാന്‍ അജിത്തും ഭാര്യയും

കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രിയെ കൺകുളിർക്കെ കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂരിലെ ദമ്പതികള്‍ക്ക്. ഇരിട്ടി വള്ള്യാട്ട്‌ കോട്ടക്കുന്ന്‌ കോളനിയിലെ 28-കാരനായ കെ. അജിത്തും ഭാര്യ 23-കാരിയായ രമ്യ രവിയ്ക്കുമാണ് പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. അവിചാരിതമായി കൈവന്ന ഭാഗ്യത്തിന്റെ നിർവൃതിയിലാണ്‌ ഇരുവരും. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തുനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ദമ്പതിമാരാണ്‌ ഇവര്‍. പരേഡില്‍ പങ്കെടുക്കുക മാത്രമല്ല, രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും സംസാരിക്കാനുമുള്ള അപൂര്‍വാവസരം കൂടിയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌. രാഷ്‌ട്രപതിയോടൊപ്പം വിരുന്നിലും ഇവര്‍ പങ്കെടുക്കും.

ഇക്കുറി സ്വാതന്ത്ര്യദിന പരേഡില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള പട്ടികവര്‍ഗ്ഗ ദമ്പതിമാരെയാണ്‌ തിരഞ്ഞെടുത്തത്‌. കേരളത്തില്‍നിന്ന് പണിയവിഭാഗത്തില്‍പ്പെട്ട അജിത്തിനെയും ഭാര്യയെയുമാണ് തിരഞ്ഞെടുത്തത്. പട്ടികവര്‍ഗവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്ന് ആദ്യമായാണ് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. ഇരിട്ടി പ്രീമെട്രിക്‌ ഹോസ്റ്റലിലെ താത്‌കാലിക വാച്ച്‌മാനാണ്‌ അജിത്ത്‌. രമ്യക്ക്‌ ജോലിയില്ല. ഇവര്‍ വിവാഹിതരായിട്ട്‌ ഒരു വര്‍ഷമേ ആവുന്നുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതിമാരില്‍നിന്ന്‌ ഐ.ടി.ഡി.പി. വകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ട് വരികയായിരുന്നു. ഇന്നലെ കണ്ണൂരിൽ നിന്നും തിരിച്ച ഇവർ ഇന്ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ദില്ലിയിലേക്കു പറക്കും. പരേഡിന്‌ ശേഷം പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിച്ച്‌ ഫെബ്രുവരി രണ്ടിന് നാട്ടിലേക്ക് യാത്ര തിരിക്കും.

Related Articles

Latest Articles