Friday, April 26, 2024
spot_img

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകാമെന്നു വാട്സാപ്പ്

വാട്സപ്പിന്റെ പുതിയ ഡേറ്റ പ്രൈവസി നയത്തിനെതിരെ നിരവധി ആളുകൾ പ്രതികരിച്ചതിന് തുടർന്ന് കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു ഇപ്പോഴിതാ അതിനുള്ള മറുപടി തന്നിരിക്കുകയാണ് വാട്സാപ്പ്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ സ്വകാര്യതാ നയം പൂര്‍ണമായും പിന്‍വലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെയാണ് അതേക്കുറിച്ച് പ്രതികരിച്ച് വാട്‌സാപ് രംഗത്തെത്തിയത്. എന്നാൽ വാട്‌സാപ്പിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി ഷെയറു ചെയ്യുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൂടാതെ ഇക്കാര്യത്തില്‍ സർക്കാർ ചോദിക്കുന്ന എല്ലാക്കാര്യങ്ങള്‍ക്കും തങ്ങള്‍ വിശദീകരണം നല്‍കാമെന്നും കമ്പനി പറയുന്നു.

പുതിയ നയങ്ങള്‍ ഫെയ്‌സ്ബുക്കുമായി ഡേറ്റ ഷെയർ ചെയ്യാനല്ല മറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് എന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല വാട്‌സാപ് എല്ലാക്കാലത്തും വ്യക്തികളുടെ സന്ദേശങ്ങള്‍ സംരക്ഷിക്കുമെന്നും കമ്പനിയുടെ വക്താവ് അറിയിക്കുന്നു. ഫെയ്‌സ്ബുക്കിനോ എന്തിന് വാട്‌സാപ്പിനു പോലും അവരുടെ സന്ദേശങ്ങള്‍ കാണാനാകില്ലെന്നാണ് വാട്‌സാപ് പറയുന്നത്. അതേസമയം ഇതെല്ലാം കമ്പനി എക്കാലത്തും പറഞ്ഞു വന്നിരുന്ന കാര്യങ്ങളാണ്.

എന്നാല്‍, പുതിയ സ്വകാര്യതാ നയം വഴി ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും ഉപയോക്താവിന്റെ മെറ്റാ ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കുമെന്നും, അതുപോലെ തന്നെ ഒരാള്‍ ദിവസം മുഴുവന്‍ എവിടെയായിരുന്നു എന്നതടക്കുമുള്ള കാര്യങ്ങളടക്കം പലതും അറിയാന്‍ സാധിക്കുമെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സന്ദേശങ്ങള്‍ സുരക്ഷിതമാക്കിയാല്‍ മാത്രം പോരാ മെറ്റാഡേറ്റയിലും തൊട്ടുകളിക്കരുതെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതേസമയം, പുതിയ സ്വകാര്യതാ നയത്തില്‍ പറയുന്ന പല കാര്യങ്ങളും വാട്‌സാപ്പില്‍ നിന്ന് ഫെയ്‌സ്ബുക്കിന് 2016 മുതല്‍ ലഭ്യമാണെന്ന ആരോപണവും ഉണ്ട്.

Related Articles

Latest Articles