Wednesday, May 8, 2024
spot_img

ഏഴ് മാസങ്ങള്‍ക്കുള്ളില്‍ 30 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നൽകും: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: അടുത്ത ആറു മുതല്‍ ഏഴ് മാസത്തിനുളളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാമെന്നാണ് കണക്കുകൂട്ടലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കുന്നതിന് അടുത്തെത്തിയതായും മന്ത്രി വ്യക്തമാക്കി. തദ്ദേശീയമായി കോവിഡ്​ വാക്​സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ്​ ഇന്ത്യന്‍ ഗവേഷകരും ആരോഗ്യ വിദഗ്​ധരുമെന്ന്​ അ​ദ്ദേഹം പറഞ്ഞു. മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഒരു കോടി കോവിഡ് കേസുകള്‍ പൂര്‍ത്തിയായതിന്‍റെ പശ്ചാത്തലത്തിലാണ്​ ഹര്‍ഷ്​ വര്‍ധന്‍ മന്ത്രിമാരുടെ യോഗം വിളിച്ചത്​.

പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയാണ്​ കോവിഡ്​ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഒരു കോടിയായത്​ ചൂണ്ടിക്കാട്ടുന്നതെന്ന്​ മന്ത്രി പറഞ്ഞു. 95.5 ലക്ഷം പേര്‍ രോഗമുക്​തരായത്​ ഇന്ത്യയുടെ നേട്ടമാണ്​. 95.46 ശതമാനം രോഗമുക്​തിയാണ്​ ഇന്ത്യയിലുള്ളത്​. ഇത്​ ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കാണ്​. രാജ്യത്തെ കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞിട്ടുണ്ട്​. മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്​. നിലവില്‍ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. എങ്കിലും​ കോവിഡ്​ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉത്സവ സീസണായ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണ വാക്സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിജിസിഐയുടെ അനുമതി ലഭ്യമായാൽ ഉടൻ തന്നെ വാക്സിൻ വിതരണം തുടങ്ങാനാകും. രണ്ട് കോടി ഡോസ് വാക്സിൻ കൈവശമുണ്ടെന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ യുഎസ് കമ്പനിയായ ഫൈസറും വാക്സിൻ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വാക്സിന് സര്‍ക്കാര്‍ അനുമതി നല്‍കിയാൽ മുൻഗണനാവിഭാഗത്തിലെ 30 കോടി ആളുകള്‍ക്ക് വാക്സിൻ നല്‍കിത്തുടങ്ങാനാകും. മൂന്നോ നാലോ ആഴ്ചകളുടെ ഇടവേളയിൽ രണ്ടോ മൂന്നോ ഡോസ് വാക്സിൻ ഓരോരുത്തര്‍ക്കും വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് ഉത്പാദിപ്പിച്ച ചിമ്പാൻസി അഡിനോവൈറസ് പ്ലാറ്റ്ഫോമിലുള്ള കൊവിഷീൽഡ് ആണ് ഗവേഷണത്തിൽ മുന്നിൽ. ഇവര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിട്ടുണ്ട്. സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഐഎസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിട്ടുണ്ട്. റഷ്യൻ വാക്സിനായ സ്പുട്നിക് അഞ്ച് രാജ്യത്ത് ഉടൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും. ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് ഇത് ഉത്പാദിപ്പിക്കുന്നത്. യുഎസ് കമ്പനിയായ നോവോവാക്സും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന വാക്സിൻ, ബയോളജിക്കൽ ഇ വാക്സിൻ, എച്ച്ജിസിഓ വാക്സിൻ തോമസ് ജഫേഴ്സൺ സര്‍വകലാശാലയുടെ വാക്സിൻ എന്നിവയാണ് രാജ്യത്ത് ഗവേഷണം നടത്തുന്ന മറ്റു വാക്സിനുകള്‍. ഇതിൽ ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള ആറു വാക്സിനുകളിൽ എതെങ്കിലും വാക്സിനുകള്‍ക്ക് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളിൽ അനുമതി കിട്ടിയേക്കും.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മുൻഗണനാവിഭാഗക്കാര്‍ക്കിടയിൽ വൻതോതിൽ വാക്സിൻ വിതരണം നടത്താനാണ് സര്‍ക്കാരിൻ്റെ പദ്ധതി.

Related Articles

Latest Articles