Thursday, May 2, 2024
spot_img

ഇനി മധ്യപ്രദേശിലും രക്ഷയില്ല, നിർബ്ബന്ധിത മതപരിവർത്തനവീരന്മാർ കുടുങ്ങും; ഉത്തർപ്രദേശിനു പിന്നാലെ മധ്യപ്രദേശിലും നിയമം ഉടൻ പാസ്സാകും

മധ്യപ്രദേശ്: ഉത്തർപ്രദേശ് മാതൃകയിൽ മധ്യപ്രദേശിലും നിർബന്ധിത മതപരിവർത്തനത്തിന് കഠിന ശിക്ഷ നിർദേശിയ്ക്കുന്ന ബിൽ ഉടൻ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും താത്പര്യങ്ങൾക്ക് വേണ്ടി മതപരിവർത്തനം നടത്തുന്നത് ഗുരുതരമായ കുറ്റക്യത്യമായി പരിഗണിയ്ക്കുന്നതാണ് ബിൽ. മധ്യപ്രദേശിലെ വനമേഖലകളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം തടയാൻ നിയമം വേണമെന്ന ആവശ്യം വർഷങ്ങളായി സംഘപരിവാർ സംഘടനകൾ ഇവിടെ ഉയർത്തുന്നുണ്ട്.

ഒരു പക്ഷേ ഉത്തർ പ്രദേശിനെക്കാൾ കൂടുതൽ കർശനമായ വ്യവസ്ഥകളാണ് മധ്യപ്രദേശിൽ തയാറായ മതപരിവർത്തന ബില്ലിൽ ഇടം പിടിച്ചത്. എന്നാൽ ബിൽ ഒരാളുടെ മതം മാറാനുള്ള അവകാശത്തെ തടയുന്നില്ല. മറിച്ച് മതം മാറാനുള്ള തീരുമാനം പരപ്രേരണയോ കാര്യസാധ്യത്തിനോ വേണ്ടി അല്ല എന്ന് രേഖാപരമായി തെളിയിക്കാൻ ബാധ്യത കൽപിയ്ക്കുന്നു. മതം മാറാൻ തീരുമാനിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് റവന്യൂ അധികാരികൾക്ക് അപേക്ഷ രേഖാമൂലം കാര്യ കാരണ സഹിതം സത്യവാങ്മൂലം അടക്കം സമർപ്പിയ്ക്കണം. ഇവകൾ പരിശോധിച്ച് ഉചിതമാണെന്ന് ബോധ്യപ്പെട്ടാൽ മതപരിവർത്തനം അനുവദിയ്ക്കും. അതേസമയം നിയമം ലംഘിയ്ക്കുന്നവർക്ക് 10 വർഷം വരെ കഠിന തടവ് നിർദ്ദിഷ്ട ബിൽ ശുപാർശ ചെയ്യുന്നു.

സംസ്ഥാനത്തെ വന മേഖലകൾ കേന്ദ്രീകരിച്ച് മതപരിവർത്തനം വൻ തോതിൽ നടക്കുന്നു എന്നാണ് സംഘപരിവാർ സംഘടനകളുടെ പരാതി. ഇതിനെതിരെ നിയമ നിർമ്മാണം വേണമെന്നും അവർ നിർദേശിച്ചിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം വിവാഹ സമയത്തോ പിന്നിടോ മിശ്രവിവാഹം നടത്തുന്നവർക്ക് അനുവദിയ്ക്കില്ല.

മതപരിവർത്തനത്തിനായി ഏതെങ്കിലും വിധത്തിൽ പരപ്രേരണ ഉണ്ടാകുന്നു എന്ന് ആരെങ്കിലും പരാതിപ്പെട്ടാലും ജാമ്യം ഇല്ലാത്ത വ്യവസ്ഥകളോടെയുള്ള നടപടികൾ നിയമം നിർദേശിയ്ക്കുന്നു. മധ്യപ്രദേശ് മന്ത്രിസഭയോഗം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചേർന്ന് ബില്ല് അംഗീകരിക്കും. നിയമസഭയിൽ പാസാകുന്നത് വരെ ബിൽ ഓർഡിനൻസായി വിജ്ഞാപനം ചെയ്യാനാണ് മധ്യപ്രദേശ് സർക്കാർ തീരുമാനം. പുതിയ നിർദേശങ്ങൾ മതങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.

Related Articles

Latest Articles