Thursday, January 8, 2026

സാമ്പത്തിക സര്‍വേ ലക്ഷ്യംവെക്കുന്നത് അഞ്ച് ലക്ഷംകോടിയുടെ സമ്പദ് വ്യവസ്ഥ- മോദി

ദില്ലി: ബജറ്റിന്‍ മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ രൂപരേഖ വ്യക്തമാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു ലക്ഷം കോടി ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള രാജ്യത്തിന്‍റെ മുന്നേറ്റമാണ് സാമ്പത്തിക സര്‍വേയില്‍ കാണാനാവുകയെന്നും പ്രധാനമന്ത്രിട്വീറ്റ് ചെയ്തു.

അഞ്ച് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥ യാഥാര്‍ഥ്യമാക്കാനുള്ള കാഴ്ചപ്പാടുകളാണ് സാമ്പത്തിക സര്‍വേ മുന്നോട്ടുവെക്കുന്നത്. ഊര്‍ജമേഖലയുടെയും സാങ്കേതിക മേഖലയുടെയും വളര്‍ച്ചയും സാമൂഹ്യമായ അഭിവൃദ്ധിയും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. സാമ്പത്തിക സര്‍വേ വായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്കും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ബജറ്റിന് തൊട്ടു മുന്‍പായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് . രാജ്യത്തിന്‍റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയുടെ അവലോകന റിപ്പോര്‍ട്ടാണിത്.

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാജ്യം നേരിടുന്ന മുഖ്യ സാംബത്തിക പ്രശ്‌നങ്ങളും അതു മറികടക്കാന്‍ വേണ്ട നടപടികളും റിപ്പോർട്ടിൽ അവതരിപ്പിക്കും. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുക.

മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തികസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related Articles

Latest Articles