Thursday, May 16, 2024
spot_img

റോഡിലെ ഷോ കാട്ടൽ നിർത്താനൊരുങ്ങി കേന്ദ്രസർക്കാർ; പിഴത്തുക പത്തിരട്ടി കൂട്ടി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് ലോക്സഭയിൽ പാസാക്കി

ദില്ലി: റോഡിൽ ഷോ കാണിക്കുന്നവരെയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെയും പൂട്ടാനുറച്ച് കേന്ദ്രസർക്കാർ. റോഡില്‍ ഷോ കാണിച്ചാല്‍ ഇനി കീശ കീറുന്ന തരത്തിലാണ് കേന്ദ്ര നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പത്തിരട്ടിയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക്സഭയിൽ പാസാക്കി. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വന്‍ ഭേദഗതികളാണ് പുതിയ നിയമത്തിലുള്ളത്

നിലവിൽ നൽകിവരുന്ന പിഴ ശിക്ഷയേക്കാൾ പത്തിരട്ടിയോളം വര്‍ദ്ധനയാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാൽ ഇനി പതിനായിരം രൂപ വീതമാണ് പിഴ.
മദ്യപിച്ച് വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും 10000 രൂപകൊടുക്കേണ്ടിവരും .
ഇതോടൊപ്പം വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പാക്കുന്നുണ്ട്.

അടുത്തിടെ ഇന്ത്യയിൽ പ്രചാരം നേടിയ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകളെയും മോട്ടോർ വാഹന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട് . ഡ്രൈവർമാർക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട് എന്നത് നിയമത്തിലെ മറ്റൊരു പ്രധാന ഭേദഗതിയാണ് . ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ബില്ലിലെ മറ്റ് വ്യവസ്ഥകളിൽ ചിലത് ഇവയാണ് ,

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി – 1000 രൂപ നൽകേണ്ടിവരും, നിലവില്‍ ഇത് 100 രൂപയാണ്.

അപകടകരമായി വണ്ടിയോടിച്ചാലും ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാലും പിഴയായി 5000 രൂപ നൽകേണ്ടിവരും, നിലവില്‍ ഇത് 500 രൂപയാണ്.

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇതുവരെയുണ്ടായിരുന്ന 2000 രൂപ പിഴ കൂട്ടി 10000 രൂപയാക്കി.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 5000 രൂപ നൽകേണ്ടിവരും, നിലവില്‍ ഇത് 1000 രൂപയാണ്.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപ എന്നത് കൂട്ടി 1000 രൂപയാക്കി.

അമിത വേഗത്തിൽ സഞ്ചരിച്ച് പിടിക്കപ്പെട്ടാൽ 1000 രൂപ മുതൽ -2000 രൂപ വരെ ചാർജ് ചെയ്യാം. ഇതിന് നിലവിലുള്ള പിഴ 500 രൂപയാണ്.

പിഴക്ക് പുറമെ ബില്ലിൽ വരുത്തിയിട്ടുള്ള ഭേദഗതികളും അനവധിയാണ് ,

അവയിൽ ഒന്ന് ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം എന്നതാണ് .നിലവിൽ ഇതിന്‍റെ കാലാവധി 3 വർഷമാണ്.

അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം നൽകുന്ന ഭേദഗതിയും ബില്ലിലുണ്ട്

ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ എൻ കെ പ്രേമചന്ദ്രൻ എം പി ബില്ലിലെ ചില വ്യവസ്ഥകൾക്കെതിരെ രംഗത്തുവന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍ രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയ്‍ക്കെതിരെയാണ് പ്രേമചന്ദ്രൻ അരംഗത്തുവന്നത്. എന്നാൽ ഇതും ഇതിനൊപ്പം പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 17 ഭേദഗതികളും സഭ വോട്ടിനിട്ട് തള്ളി.

ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുവന്നു.

അതേസമയം രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനത്തിന്‍റെ താക്കോൽ പോലും നൽകരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി സഭയിൽ പറഞ്ഞു. പുതിയ ഭേദഗതികൾ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരില്ല. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്പനയെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു.

ഇനി രാജ്യസഭ കൂടി പാസാക്കിയാല്‍ ഈ ബില്‍ നിയമമാകും. ലോക്സഭയിൽ പാസ് ആയ ബിൽ രാജ്യസഭയിലും പാസ് ആകുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles