Monday, May 6, 2024
spot_img

അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ആദ്യ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 5,00,100 രൂപ സംഭാവന നല്‍കി പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​. ക്ഷേത്രനിര്‍മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നല്‍കിയത്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന്​ ദേശീയ തലത്തില്‍ ഫണ്ട്​ ശേഖരണം ആരംഭിച്ചിരുന്നു.

തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ​ഗോവിന്ദ ദേവ് ​ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി. ഇന്ത്യയുടെ പ്രഥമ പൗരനെന്ന നിലയ്ക്ക് രാംനാഥ് കോവിന്ദില്‍ നിന്നാണ് തങ്ങള്‍ ദൗത്യം തുടങ്ങിയതെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. രാഷ്ട്രപതി 5,01,000 രൂപ സംഭാവന നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട്​ ശേഖരണം മാഗ്​ പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന്​ അവസാനിക്കും. രാമഭക്തന്‍മാരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന്​ സമിതി അറിയിച്ചിരുന്നു. സുതാര്യത ഉറപ്പുവരുത്താൻ 20,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കുകൾ വഴി ശേഖരിക്കുമെന്ന് വിഎച്ച്പി നേതാവ് അലോക് കുമാർ നേരത്തെ വ്യക്തമാക്കിയിരിന്നു.

രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെ തന്നെ കോടിക്കണക്കിന്​ രൂപ ട്രസ്റ്റിലേക്ക്​ എത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ്ങ് ചൗഹാന്‍ ക്ഷേത്രനിര്‍മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 1,100 കോടി രൂപ ചെലവിട്ടാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്.

Related Articles

Latest Articles