Sunday, May 12, 2024
spot_img

കരണ്‍ ഥാപ്പര്‍ – ചെകുത്താന്‍റെ വക്കീലല്ല, നുണകളുടെ രാജാവ്

ദില്ലി- ദേശീയ തലത്തില്‍ തന്നെ പ്രശസ്തരായ മാധ്യമപ്രവര്‍ത്തരില്‍ ഒരാളാണ് കരണ്‍ ഥാപ്പര്‍. ദേശീയ മുഖ്യധാരയില്‍ തിളങ്ങാന്‍ വേണ്ട എല്ലാ പൊടിക്കൈകളും വശമുള്ളയാള്‍, ഒരു ദേശിയ ചാനലില്‍ വര്‍ഷങ്ങളോളം ഡെവിള്‍സ് അഡ്വക്കറ്റെന്ന ഇന്‍റര്‍വ്യൂ പരിപാടി അവതരിപ്പിച്ച ജേര്‍ണലിസ്റ്റ്, അഹങ്കാരവും ധാര്‍ഷ്ട്യയും നിറഞ്ഞ ശൈലിയാണ് ബുദ്ധിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിലും നല്ലതെന്ന് സ്വയം വിശ്വസിച്ചയാള്‍. ഇദ്ദേഹത്തിന്‍റെ ചെകുത്താന്‍ ശൈലി അപമാനകരമായി തോന്നിയതിനാല്‍ അഭിമുഖം ഇടയ്ക്ക് വച്ച് നിര്‍ത്തിയ അതിഥികളില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി,തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവര്‍ ഉള്‍പ്പെടുന്നു. അഭിമുഖത്തിന് അതിഥികള്‍ എത്താത്തായതോടെ ചാനലുകാര്‍ ഥാപ്പറുമായുള്ള കോണ്‍ട്രാക്ട് അവസാനിപ്പിച്ചു. ഇപ്പോള്‍ കോളമെഴുത്താണ് പണി.

ഹിന്ദുവിരോധവും ന്യൂനപക്ഷ പ്രീണനവും ഒക്കെ മേന്പൊടി ചേര്‍ത്ത് സിദ്ധാന്തങ്ങള്‍ വിളന്പുന്ന ഖാന്‍ മാര്‍ക്കറ്റ് ജേര്‍ണലിസ്റ്റുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കരണ്‍ ഥാപ്പര്‍. തന്‍റെ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാന്‍ പച്ചക്കള്ളങ്ങള്‍ വിളന്പാനും മടിയില്ലാത്ത ഥാപ്പര്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചുകൊണ്ടാണ്. ഈ മാസം പതിനഞ്ചാം തീയതി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ എഴുതിയലേഖനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

90 കളില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയില്‍ നിന്നും അക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കശ്മീര്‍ താഴ്വരകളില്‍ നിന്നും പലായനം ചെയ്ത ഹിന്ദു പണ്ഡിറ്റുകളുടെ ഗതികേടിനെ നിസ്സാരവല്‍ക്കരിച്ചാണ് ഥാപ്പറിന്‍റെ ലേഖനം എന്നാണ് ആരോപണം. ഇതിനെ വംശീയഹത്യയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും 1947ല്‍ ജമ്മുനഗരത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല ഉയര്‍ത്തിക്കാട്ടി കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനം നിസ്സാരമാണെന്നും സമര്‍ത്ഥിക്കാനാണ് ഥാപ്പറുടെ ശ്രമമെന്നാണ് ആരോപണം.

ജമ്മു നഗരത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല ഭീകരമായിരുന്നെന്നും 70,000 മുതല്‍ 235000 മുസ്ലീങ്ങള്‍ വരെ കൊല്ലപ്പെട്ടെന്നും 50,000 പേര്‍ പലായനം ചെയ്തെന്നും അങ്ങനെയാണ് ജമ്മുനഗരം ഹിന്ദുഭൂരിപക്ഷമായി മാറിയതെന്നും ഥാപ്പര്‍ ലേഖനത്തില്‍ പറയുന്നു. ഇതിനായി ചില വിദേശീയരുടെയും ഇടത് ചിന്തകരുടെയും ലേഖനങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നു.ലേഖനത്തിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ അലയടിക്കുന്നത്. ലേഖകന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.പ്രധാനമായും രണ്ട് കാര്യങ്ങളാണ് കരണ്‍ ഥാപ്പറിന്‍റെ ലേഖനം പൊളിച്ചടുക്കുന്ന സോഷ്യല്‍മീഡിയ പുറത്തുകൊണ്ടുവന്നത്.

1) 1947ലെ വിഭജനകാലത്ത് കലാപം നടന്നത് ജമ്മുവില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും ഇന്നത്തെ പാകിസ്താന്‍ കൈവശം വെക്കുന്ന പഞ്ചാബിലും സിന്ധിലും ഒക്കെ കടുത്ത വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. പശ്ചിമപഞ്ചാബിലും ലാഹോറിലും മറ്റും നടന്ന ഹിന്ദുവിരുദ്ധ ആക്രമണങ്ങളുടെ തിരിച്ചടിയായാണ് ജമ്മുവിലും ആക്രമണസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.അതിനാല്‍ തന്നെ 1947ലെ ജമ്മുവിലെ കലാപം ഒറ്റപ്പെട്ടതല്ലെന്നും അതിനെ സമീപകാലത്ത് നടന്ന ഏകപക്ഷീയ ഹിന്ദു പണ്ഡിറ്റ് കൂട്ടക്കൊലയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2) ഈ വിഷയത്തില്‍ കരണ്‍ ഥാപ്പറിന്‍റെ ഉദ്ധരിച്ച കണക്കുകള്‍ പച്ചക്കള്ളമാണെന്ന കാര്യവും സമൂഹമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ജമ്മു ഒരിക്കലും മുസ്ലിം ഭൂരിപക്ഷ മേഖല അല്ലെന്ന് മാത്രമല്ല കരണ്‍ ഥാപ്പര്‍ ഉയര്‍ത്തിക്കാണിച്ച മരണസംഖ്യ ഒരിക്കലും സത്യമല്ലെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ദേശീയ സെന്‍സസ് കണക്കുകള്‍ പ്രകാരം 1947ലെ ജമ്മു നഗരത്തിലെ ജനസംഖ്യ വെറും 50,370 മാത്രമാണ്. 1951ലെ ജനസംഖ്യയില്‍ 26,000 പേരോളം കൂടി മൊത്തം ജനസംഖ്യ 76,588 ആയി. ഈ ജനസംഖ്യയില്‍ 1941ല്‍ ജമ്മുനഗരത്തില്‍ ഉണ്ടായിരുന്നത് 15,920 മുസ്ലീങ്ങളാണ്. 9,751 പുരുഷന്മാരും 6,669 സ്ത്രീകളും. ഈ നഗരത്തിലാണ് രണ്ടരലക്ഷത്തോളം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടെന്നും 50,000 ഓളം പേര്‍ ഒളിച്ചോടിയെന്നും കരണ്‍ ഥാപ്പര്‍ ഒരു ദേശീയ പത്രത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഈ കാലഘട്ടത്തില്‍ തന്നെ ജമ്മു ജില്ലയിലെ മൊത്തം ജനസംഖ്യ നാല് ലക്ഷത്തില്‍ താഴെയാണ്.

വലിയ ആധികാരികതയോടെ ഇത്തരം പൊട്ടക്കണക്കുകള്‍ അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനും അത് വഴി മതസ്പര്‍ദ്ധ വളര്‍ത്താനും കരണ്‍ ഥാപ്പറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകം എന്താണ്- ഇന്ത്യയില്‍ ഭരണസ്ഥിരതയുള്ള ഈ കാലഘട്ടത്തില്‍ ഇവിടെ അരാജകത്വവും കലാപവും ഉണ്ടാക്കാന്‍ അച്ചാരം വാങ്ങിയിട്ടുള്ള സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പട്ടികയില്‍ ഥാപ്പറുമുണ്ടോയെന്നാണ് പലരുടെയും ചോദ്യം.കരണ്‍ ഥാപ്പര്‍ ഈ വിഷയത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles