ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഈ മാസം മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ പ്രദേശവാസിയാണ് ശാന്തി.
ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ വനത്തിലേക്ക് പോയ ശാന്തി മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുവിൽ സ്ഥാപിച്ച ഐഇഡിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഉടനെ ശാന്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് മാവോയിസ്റ്റുകൾ സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്നാണ് നിഗമനം. സുരക്ഷാ സേന പതിവായി പട്രോളിംഗ് നടത്താറുള്ള മേഖലയാണ് ഇവിടം. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 20 കിലോ മീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിൽ സുരക്ഷാ സേന 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയിൽ സുരക്ഷാ സേനാംഗങ്ങളെ അപായപ്പെടുത്താൻ മാവോയിസ്റ്റുകൾ ശ്രമിക്കുകയാണെന്നാണ് സംശയിക്കുന്നത്.

