Monday, September 21, 2026

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അപ്പുവുവെന്ന അഖിലും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. .

കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പോലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത വാഹമെത്തിച്ച് നൽകിയ, മുഖ്യപ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

കരമന കരുമം ഇടഗ്രാമം മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ(26)യാണ് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ അക്രമി സംഘം സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു.

കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട അഖിൽ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തർക്കം. ബാറിൽ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മിൽ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. അക്രമി സംഘം 2019-ലെ അനന്തു കൊലക്കേസിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന അനന്തു കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇവര്‍ വീണ്ടും കൊലപാതകം നടത്തിയത്.

Related Articles

Latest Articles