ഭാരതത്തിന്റെ വിമാനവാഹിനികളിലെ കരുത്തനായ ഐഎൻഎസ് വിക്രാന്തിന്റെ വിരിമാറിലേയ്‌ക്ക് അമേരിക്കൻ നിർമ്മിത അത്യാധുനിക പോർവിമാനങ്ങൾ പറന്നിറങ്ങാനും കുതിച്ചുപൊങ്ങാനും തയ്യാറെടുക്കുന്നു. ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ വിക്രാന്തിൽ ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങളിറക്കാനുള്ള പരീക്ഷണമാണ് നടക്കാൻ പോകുന്നത്.
ഈ മാസം 23-ാം തിയതി ഗോവയിലെ ഐഎൻഎസ് ഹൻസ നാവിക താവളത്തിന് സമീപം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. വരുന്ന ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം അമേരിക്കൻ നിർമ്മിതമായ എഫ്-എ 18 ഇ സൂപ്പർ ഹോണറ്റ് പോർവിമാനങ്ങളാണ് വിക്രാന്തിൽ ഇറങ്ങുകയും കുതിച്ചുപൊങ്ങുകയും ചെയ്യുന്നത്. വിക്രാന്ത് സ്ഥിരമായി നിൽക്കുമ്പോഴും കടലിൽ സഞ്ചരിക്കുമ്പോഴും അതിവേഗ യുദ്ധവിമാനങ്ങളെ സ്വീകരിക്കാനും തിരികെ പറക്കാനും എത്ര കണ്ട് സംവിധാനങ്ങളുണ്ടെന്നും അവ നിയന്ത്രിക്കുന്ന ആശയവിനിമയ സംവിധാനങ്ങളുടെ കാര്യക്ഷമതയുമെല്ലാം പരിശോധിക്കും.
എന്നാൽ ഐഎൻഎസ് വിക്രാന്തിൽ ഏതു നിമിഷവും തയ്യാറാക്കി നിർത്താൻ ഉദ്ദേശിക്കുന്ന 26 തരം യുദ്ധവിമാനങ്ങളിൽ ഒന്നാണ് എഫ്-18. എഫ്-18ന്റെ രണ്ടു വിമാനങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. 283 മീറ്ററാണ് വിക്രാന്തിൽ വിമാനങ്ങൾ പറന്നുയരാനും ഇറങ്ങാനുമായി സജ്ജീകരിച്ചിരിക്കുന്ന ഡെക്കിന്റെ നീളം. ഇവയ്‌ക്കൊപ്പം റഫേലുകളും പരീക്ഷണം നടത്തും. ഐഎൻസ് വിക്രാന്തും വിക്രമാദിത്യയുമാണ് ഇന്ത്യൻ നാവികസേന ഏറ്റവും അത്യാധുനികമായി സജ്ജീകരിച്ചിരിക്കുന്നത്.

