ഇസ്ലാമാബാദ്: യൂറോപ്യൻ യൂണിയനോട് നിലവിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ(Imran Khan In European Union). റഷ്യയുടെ ആക്രമണത്തെ അപലപിച്ച് യുഎൻ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാൻ പാകിസ്ഥാനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 22 നയതന്ത്ര തലവന്മാർ കത്തും അയച്ചു. ഇതിനുപിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.” നിങ്ങൾ ഞങ്ങളെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്? പാകിസ്ഥാൻ നിങ്ങളുടെ അടിമയാണെന്നാണോ? നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ചെയ്യണമെന്നുണ്ടോ? എന്നും ഇമ്രാൻ ഖാൻ ചോദിച്ചു.
അതോടൊപ്പം ഇത്തരമൊരു കത്ത് നിങ്ങൾ ഇന്ത്യയ്ക്ക് അയച്ചോ? ഇന്ത്യയും റഷ്യയ്ക്കെതിരായ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണല്ലോ. ഇതിന് മുൻപ് അഫ്ഗാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിലൂടെ ഒരുപാട് ദുരിതം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് നന്ദിയ്ക്ക് പകരം വിമർശനങ്ങളാണ് ലഭിച്ചത് എന്നുമായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. എന്നാൽ പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സഹൃദത്തിലാണെന്നും ഒരു ചേരിയിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എല്ലാവരുമായും ഒരുമിച്ച് പ്രവർത്തിച്ച് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
അതേസമയം അനവസരത്തിലുള്ള ഇമ്രാൻ ഖാൻ റഷ്യ സന്ദർശിച്ചത് വൻ വിവാദമായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ദിവസം തന്നെ റഷ്യ സന്ദർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബ്രിട്ടൻ സന്ദർശിക്കാനുള്ള പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അപേക്ഷ ബ്രിട്ടൻ തള്ളിയത്. റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടി പ്രതിഷേധാർഹവും സംശയാസ്പദവുമാണെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

