ദില്ലി: ടൂറിസം മേഖലയെ കാത്തിരിക്കുന്നത് വമ്പൻ കുതിപ്പെന്ന് നിതിൻ ഗഡ്കരി. ലോക്സഭയിലായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം. റോഡ് വികസനത്തിലൂടെ രാജ്യത്ത് വിനോദസഞ്ചാരത്തിന് പ്രോത്സാഹനം നൽകുമെന്നും, ആധ്യാത്മിക വിനോദ സഞ്ചാരത്തിന് മുൻതൂക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം രണ്ടായിരം കോടി ചെലവിൽ രാം വൻഗമൻ മാർഗ് റോഡുകൾ നിർമിക്കും. അയോധ്യാ റിങ് റോഡ് ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. 20,000 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബുദ്ധ സർക്യൂട്ട്, 12,000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചാർധാം സർക്യൂട്ട് എന്നിവ അടുത്തവർഷം ഡിസംബറിന് മുമ്പ് പൂർത്തിയാക്കും. പിത്തോർഗഢിൽ നിന്ന് മാനസസരോവറിലേക്കുള്ള റോഡ് അടുത്തവർഷം പൂർത്തിയാകും. ഇതോടെ, നേപ്പാളിൽ കടക്കാതെ മാനസസരോവറിലേക്ക് പോകാൻ കഴിയുമെന്നും ഗഡ്കരി പറഞ്ഞു(Indians will soon visit Mansarovar via Uttarakhand, says Gadkari).
ശ്രീനഗറിൽ നിന്ന് 20 മണിക്കൂർ കൊണ്ട് മുംബൈയിൽ എത്താവുന്ന തരത്തിൽ ദേശീയപാത ഈ വർഷം പൂർത്തീകരിക്കും. ദില്ലി-മുംബൈ പാത(12 മണിക്കൂർ), ദില്ലി-ഡെറാഡൂൺ (രണ്ട് മണിക്കൂർ ), ദില്ലി-അഹമ്മദാബാദ് (നാല് മണിക്കൂർ) എന്നിവയും ഉടൻ നിർമാണം പൂർത്തിയാകും. സൂറത്തിൽനിന്ന് പുണെയിലേക്ക് ഹരിത എക്സ്പ്രസ് വേ നിർമിക്കും. സേതുഭാരതം പദ്ധതിയുടെ ഭാഗമായി മേൽപ്പാലങ്ങൾ നിർമ്മിക്കും. പാർലമെന്റംഗങ്ങൾ മേൽപ്പാലങ്ങൾക്കുള്ള ആവശ്യം സംസ്ഥാനസർക്കാർ വഴി നൽകിയാൽ ഉടൻ പാസ്സാക്കുമെന്നും ഗഡ്കരി പറഞ്ഞു.

