ദില്ലി : നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വധഭീഷണി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്ന ‘എമർജൻസി’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിരിക്കുന്നത്. സിഖ് തീവ്രവാദ സംഘടനകൾ ആണ് കങ്കണയ്ക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറുകൾ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കങ്കണയ്‌ക്ക് വീഡിയോ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇത് സംബന്ധിച്ച് കങ്കണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ അവസ്ഥ കങ്കണയ്ക്കും വരുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലെയെ തീവ്രവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ, നിങ്ങൾ ഇപ്പോൾ അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ അവസ്ഥ എന്താണെന്ന് ഓർക്കണം. സത്വന്ത് സിങ്ങിനും ബിയാന്ത് സിങ്ങിനും വേണ്ടി ഇനിയും തലകൾ അറുത്തുമാറ്റുമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.

