Monday, May 6, 2024
spot_img

വിദ്യ ഒൻപതാം ദിവസവും കാണാമറയത്ത് തന്നെ;അന്വേഷണം പത്തിരിപ്പാല കോളജിലേക്കും,അദ്ധ്യാപകരുടെ മൊഴിയെടുക്കും

കൊച്ചി: വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല.അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും. പത്തിരിപ്പാല കോളേജിൽ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അദ്ധ്യയന വർഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്. വിദ്യ എന്തെങ്കിലും രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന് പരിശോധിക്കും. അതുപോലെ തന്നെ അദ്ധ്യാപകരുടെ മൊഴിയും എടുക്കും.
വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് സൂചിപ്പിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ അട്ടപ്പാടി ഗവൺമെന്റ് കോളജിലെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വർഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനായി പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേയ്ക്ക്
പൊലീസ് തപാലിൽ അപേക്ഷ അയച്ചു. പ്രിൻസിപ്പലും വിദ്യയും ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പരിശോധിക്കും. ഫോൺ കോൾ റെക്കോർഡ് ചെയ്തെന്ന് ആദ്യം പറഞ്ഞ പ്രിൻസിപ്പൽ പിന്നീട് ശബ്ദരേഖ കയ്യിൽ ഇല്ലെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ശബ്ദരേഖയെക്കുറിച്ചു പൊലീസ് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ലാലി വർഗീസ് പറയുന്നത്. മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

Related Articles

Latest Articles